മാഹി:മാഹി സെയ്ൻറ് ത്രേസ്യ ബസിലിക്കയിലെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ അഞ്ചാം നാളിലേക്ക്. ചൊവ്വാഴ്ച വൈകുന്നേരം നടന്ന ജപമാലക്ക് ശേഷം കോഴിക്കോട് രൂപതയുടെ നവ വൈദികരായ ഫാ. ഷിജോയ്, ഫാ. ഷാന്റോ എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. സെയ്ന്റ് ജോസഫ് കുടുംബ യൂണിറ്റ് നേതൃത്വംനൽകി. തുടർന്ന് വിശുദ്ധ അമ്മത്രേസ്യയോടുള്ള നൊവേന, വിശുദ്ധയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, കുർബാനയുടെ ആശിർവാദം എന്നിവ നടന്നു.ബുധനാഴ്ച വൈകീട്ട് 5.30-ന് ജപമാലയും ആറിന് ഫാ. ജോൺ വെട്ടിമലയുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നടക്കും. തുടർന്ന് നൊവേനയും പ്രദക്ഷിണവും കുർബാനയുടെ ആശീർവാദവും ഉണ്ടാവും.
12-ന് മൂന്നിന് കൊങ്കണിയിലും 13-ന് മൂന്നിന് തമിഴിലും ദിവ്യബലി അർപ്പിക്കും. 13-ന് വൈകുന്നേരം ആറിന് ഇംഗ്ലീഷിൽ നടക്കുന്ന ദിവ്യബലിക്ക് പോണ്ടിച്ചേരി അതിരൂപതാ മെത്രാൻ ഡോ. ഫ്രാൻസിസ് കലിസ്റ്റ് കാർമികത്വംവഹിക്കും.കുർബാന നിയോഗം നൽകുന്നതിനും അടിമവെയ്ക്കുന്നതിനും നേർച്ചകൾ സമർപ്പിക്കുന്നതിനും കുമ്പസാരത്തിനും എല്ലാദിവസവും വിശ്വാസികളുടെ തിരക്കുണ്ട്.