മയ്യഴി : പള്ളൂർ നാലുതറ കൊയ്യോട്ടുതെരു ഗണപതി ക്ഷേത്രത്തിന് സമീപത്തെ അഞ്ച് വീടുകളിലും പരിസരത്തും കവർച്ച നടത്തിയ തഞ്ചാവൂർ സ്വദേശികളെ തെളി വെടുപ്പിനായി പള്ളൂരിലെത്തിച്ചു. തഞ്ചാവൂർ വല്ലം എം ജി ആർ നഗറിലെ ആർ വിജയൻ (28), തഞ്ചാവൂർ സെങ്കിപ്പെട്ടി ഗാന്ധി നഗർ കോളനിയിലെ എം മുത്തു (32) എന്നിവരെയാണ് മോഷണം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊയ്യോട്ടുതെരുവിലെ പാച്ചക്കണ്ടിയിലെ പവിത്രന്റെ ഭാര്യ ബിന്ദുവിന്റെ കഴുത്തിലെ ഒന്നര പവൻ സ്വർണമാലയും 1,500 രൂപയുമാണ് കവർന്നത്. കവർച്ചയ്ക്ക് ശേഷം റോഡിന് എതിർവശത്തുള്ള ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതീശന്റെ ബൈക്കുമായാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. മെയ് 20ന് പുലർച്ചെ രണ്ടരയ്ക്കും മൂന്നിനുമിടയിലാണ് മോഷണം നടന്നത്. പരിസരത്തെ മറ്റൊരു വീട്ടിലെ ബൈക്കും മോഷിക്കാൻ ശ്രമിച്ചിരുന്നു. തൊട്ടടുത്തുള്ള നന്ദനം വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന വീട്ടമ്മ ചന്ദ്രിയുടെ കമ്മലും മോഷ്ടിച്ചു.
കൊയിലാണ്ടിയിലും ധർമടത്തും കവർച്ച നടന്ന കേസുകളിലും പ്രതികളാണിവർ. കൊയിലാണ്ടി പൊലീസ് എടുത്ത കേസിൽ റിമാൻഡിലായ പ്രതികളെ പള്ളൂർ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. എസ്ഐമാരായ സി വി റെനിൽ കുമാർ, പി ഹരിദാസ്, ഗ്രേഡ് എസ്ഐമാരായ എം സരോഷ്, ടി കെ രാജേഷ് കുമാർ, കെ കിഷോർ കുമാർ, സി വി ശ്രീജേഷ്, സുരേന്ദ്രൻ, എച്ച് സി രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.