പുന്നോലിൽ ഹോട്ടലിലും കടയിലും മോഷണം

ന്യൂമാഹി: പുന്നോൽ കുറിച്ചിയിലെ രണ്ട് കച്ചവട സ്ഥാപനങ്ങളിൽ മോഷണം. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് മോഷ്ടാവ് തലശ്ശേരി-മാഹി ദേശീയ പാതയോരത്തെ എ.വി.ചന്ദ്രദാസിൻ്റെ ഹോട്ടൽ കോരൻസിൽ മോഷ്ടിക്കാനെത്തിയത്. കാഷ് കൗണ്ടറിലെ മേശവലിപ്പിൽ ഉണ്ടായിരുന്ന അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മറ്റും നാണയങ്ങളടക്കം 1000 രൂപയോളമാണ് മോഷ്ടാവ് കവർന്നത്.

ഹോട്ടലിൻ്റെ മുൻവശത്തെ ഗ്ലാസ് ഫ്രെയിമിന് ഏറ്റവും മുകളിലെ ഒരടി വീതിയുള്ള ഗ്ലാസ് നീക്കിയാണ് മോഷ്ടാവ് ഹോട്ടലിനകത്ത് കടന്നത്.

ഹോട്ടലിലെ മോഷണത്തിന് ശേഷം സമീപത്തെ എൻ.വി.ദിനേശ് ബാബുവിൻ്റെ സ്റ്റേഷനറിക്കടയിലാണ് മോഷ്ടാവെത്തിയത്. കടയുടെ വലത് വശത്തെ ചെറിയ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച ശേഷം അലമാരയുടെ ഗ്ലാസ് തകർത്താണ് മോഷ്ടാവ് കടയിൽ കയറിയത്. പത്തു രൂപയുടെയും മറ്റും നാണയങ്ങളും ചില്ലറകളുമായി ആയിരത്തിലേറെ രൂപയാണ് മോഷ്ടാവ് കവർന്നത്. കടയുടെ ഷട്ടർ തുറന്ന് വെച്ച നിലയിലാണ് ഉണ്ടായിരുന്നത്. വില പിടിപ്പുള്ള സിഗററ്റുകളോ മറ്റു സാധനങ്ങളോ മോഷണം നടത്തിയിട്ടില്ല. ന്യൂമാഹി പോലീസ് സംഭവസ്ഥലങ്ങൾ പരിശോധിച്ചു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിൽ മോഷ്ടാവിനെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. നല്ല പ്രാഗത്ഭ്യമുള്ള സ്ഥിരം മോഷ്ടാവാണെന്നാണ് നിഗമനം. പൂട്ട് പൊട്ടിക്കാനുപയോഗിച്ച കമ്പിപ്പാര പോലൊരു ഉപകരണം പോലീസ് കണ്ടെടുത്തു.

വളരെ പുതിയ വളരെ പഴയ