കുഞ്ഞിപ്പള്ളി: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി തടസ്സപ്പെട്ടു. സർവ്വീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് താഴ്ന്നതോടെ ടൗണിലേക്ക് പ്രവേശിക്കാൻ കഴിയാതെയായി. നേരത്തെ ഓവുചാൽ നിർമ്മാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം വഴി അടഞ്ഞിരുന്നു. ഇപ്പോൾ ദേശീയപാതയിൽ നിന്നും കടക്കുന്ന ഭാഗത്ത് വലിയ താഴ്ച്ചയാണ്. കച്ചവട സ്ഥാപനങ്ങൾ, ചോമ്പാൽ പോലീസ് സ്റ്റേഷൻ, കൃഷി ഭവൻ, അഴിയൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ടൗണിൽ നിന്ന് കോറോത്ത് റോഡ്, ഓർക്കാട്ടേരി ഭാഗം, ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പോവാനും വരാനും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. ചോമ്പാൽ പോലീസ് സ്റ്റേഷന് മുന്നിലൂടെ ദേശീയപാതയിലേക്ക് കടക്കാനുള്ള റോഡ് മാത്രമാണ് നാട്ടുകാരുടെയും മറ്റും ഏക ആശ്രയം. ഈ കാര്യത്തിൽ ജനപ്രതിനികൾ ഇടപെടുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്.കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, ആവശ്യപ്പെട്ടു.