21 ന് ചൊവ്വാഴ്ച അഴിയൂരിൽ ശുചിത്വ ഹർത്താൽ ആചരിക്കും

അഴിയൂർ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത്തല വ്യാപാരി പ്രതിനിധികളുടെ യോഗം ചേർന്നു. ഈ വരുന്ന 21ന് ചൊവ്വാഴ്ച കാലത്ത് 10 മണി വരെ അഴിയൂർ പഞ്ചായത്തിൽ വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്ന ശുചിത്വ പ്രവർത്തനങ്ങളുമായി വ്യാപാരികൾ പൂർണ്ണമായും സഹകരിക്കും. ഇതിലൂടെ ലഭിക്കുന്ന അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേന വഴി ശേഖരിക്കും. ശുചിത്വ ഹർത്താലുമായി മുഴുവൻ വ്യാപാരികളും ടൗണുകൾ കേന്ദ്രീകരിച്ചുള്ള ഓട്ടോറിക്ഷ- ചുമട്ട് തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. അഴിയൂർ ചുങ്കം, മാഹി റെയിൽവെ സ്റ്റേഷൻ, കുഞ്ഞിപ്പള്ളി, മുക്കാളി എന്നീ ടൗണുകളിൽ ശുചീകരണം നടത്തും. ഓരോ വ്യാപാരികളും അവരുടെ സ്ഥാപനവും പരിസരങ്ങളും ശുചീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി സുനീർ കാമ്പയിൻ വിശദീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ സാലിം പുനത്തിൽ, സിടിസി ബാബു, മോഹൻകുമാർ, രജീഷ് കെ സി എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ