ചൊക്ലി : മംഗളൂരുവിനടുത്ത് കുന്ദാപുരത്ത് വാഹനാപകടത്തിൽ നാട്ടുകാരായ മുനവറും സമീറയും മരിച്ചതിന്റെ ഞെട്ടലിലാണ് നിടുമ്പ്രം. കാരാറത്ത് സ്കൂളിന് സമീപം അൽ മർവ്വയിൽ തൈപ്പറമ്പത്ത് മുനവറും ഭാര്യ തലശേരി സൈദാർപള്ളി അബ്‌ദുള്ളാസിൽ സമീറയുമാണ് മരിച്ചത്. ചെറിയ പെരുന്നാളാഘോഷത്തിനായി മഹാരാഷ്ട്രയിൽനിന്ന് കാറിൽ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം.
ചൊവ്വാഴ്‌ച പകൽ രണ്ടോടെ മുനവർ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുന്ദാപുരം മേൽപ്പാലത്തിൽനിന്ന് താഴ്‌ചയി ലേക്ക് മറിയുകയായിരുന്നു. സമീറ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ചികിത്സയ്ക്കിടെ ബുധൻ ഉച്ചയോടെയാണ് മുനവർ മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ മകൻ സഹൽ മണിപ്പാൽ കെഎംസി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. സമീറയുടെ ഖബറടക്കം ബുധനാഴ്ച നടന്നു. മുനവറിന്റേത് വ്യാഴാഴ്‌ച രാവിലെ എട്ടിന് വെള്ളാച്ചേരി ജുമാഅ: മസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.