മാഹി: അഴിയൂരില്‍ നിന്നും മുഴപ്പിലങ്ങാട്ടേക്കുള്ള പുതിയ ബൈപ്പാസ് റോഡിന്റെ മാഹി പള്ളൂർ മേഖലയില്‍ ഉള്‍പ്പെടുന്ന രണ്ട് കി.മി.ദൈർഘ്യമുള്ള പ്രദേശത്ത് 13 പെട്രോള്‍ ബങ്കുകള്‍ വരുന്നു. ഇതില്‍ ആറ് ബങ്കുകള്‍ക്ക് അനുമതിയായി. രണ്ടെണ്ണത്തിന്റെ ടാങ്കുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.
കേവലം ഒൻപത് ചതുരശ്ര കി.മീ.വിസ്തീർണ്ണമുള്ള മാഹിയില്‍ ഒന്നര ഡസൻ പെട്രോള്‍ ബങ്കുകളും, 68 മദ്യഷാപ്പുകളുമാണുള്ളത്. മദ്യത്തിനും, പെട്രോളിയം ഉത്പന്നങ്ങള്‍ക്കും മാഹിയില്‍ കേരളത്തെ അപേക്ഷിച്ച് ഗണ്യമായ വിലക്കുറവുണ്ട്. ഇപ്പോള്‍ പുതിയ ഹൈവേയോട് ചേർന്ന് രണ്ട് മദ്യശാലകള്‍ മാത്രമേയുള്ളൂ. പുതിയ ബാർ ലൈസൻസ് നല്‍കില്ലെന്നിരിക്കെ, മറ്റിടങ്ങളില്‍ നിന്നും അഞ്ചോളം മദ്യഷാപ്പുകള്‍ ഇവടേക്ക് മാറ്റി സ്ഥാപിക്കാൻ തകൃതിയായി നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.
ഇവയെല്ലാം വന്നു കഴിഞ്ഞാല്‍ ഫലത്തില്‍ ഇടുങ്ങിയ സർവീസ് റോഡുകളിലൂടെയുള്ള വാഹനയാത്ര തന്നെ അസാദ്ധ്യമായിത്തീരുമെന്നാണ് പറയുന്നത്.
അതിനിടെ മൂലക്കടവില്‍ നിലവിലുള്ള അഞ്ച് പെട്രോള്‍ ബങ്കുകള്‍ക്ക് പുറമെ ഒരു ബങ്ക് കൂടി അനുവദിച്ചിരിക്കുകയാണ്. കോപ്പാലം മുതല്‍ മാക്കുനി വരെയുള്ള അര കലോമീറ്റർ മാത്രം ദൂരമുള്ള റോഡരികില്‍ നിരവധി മദ്യശാലകളുമുണ്ട്.
പുതിയ പെട്രോള്‍ ബങ്കു കൂടി തുറക്കപ്പെടുന്നതോടെ വില കുറഞ്ഞ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും മദ്യത്തിനു മായെത്തുന്ന സമീപ പ്രദേശങ്ങളിലെ ബസുകളടക്കമുള്ള വാഹനങ്ങളുടെ തിരക്ക് ഗണ്യമായി വർദ്ധിക്കും. പെട്രോള്‍ ബങ്കുകള്‍ റോഡിന്റെ ഇരുവശങ്ങളിലും മുഖാമുഖമായി സ്ഥിതി ചെയ്യുന്നത് വാഹനങ്ങളുടെ ഒഴിയാക്കുരുക്കിനിടയാക്കുന്നുണ്ട്. ബൈപാസ് വന്നിട്ടും ഗതാഗതക്കുരുക്കിന് മൂലക്കടവ് ഭാഗത്ത് യാതൊരു ശമനവുമുണ്ടായിട്ടില്ല