മാഹി :പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിൽ നടന്ന തിരഞ്ഞെടുപ്പിൽ പോളിങ്ങ് ശതമാനം കുറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിലും (67 ശതമാനം) കുറഞ്ഞ ശതമാനമാണ് ഇത്തവണ മാഹിയിൽ (65.95) ലഭിച്ചത്.
പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ യാനത്തും (75.8), കാരിക്കലും (75.02) പുതുച്ചേരിയിലും (78.07) പോളിങ്ങ് വളരെ കുറഞ്ഞു. പൊതുവെ തണുത്ത പ്രതികരണമായിരുന്നു.
മാഹിയിലെ ആകെയുള്ള 31038 വോട്ടർമാരിൽ 258 പേർ നേരത്തെ ഹോം വോട്ടിങ്ങ് ചെയ്തിരുന്നതടക്കം 20468 പേരാണ് വോട്ട് ചെയ്തത്.
രാവിലെ 5.30 ന് നടന്ന മോക്ക് പോളിങ്ങിൽ പള്ളൂർ ഐ.ടി.ഐയിലെയും ചാലക്കര അംബേദ്ക്കർ പബ്ലിക് സ്കൂളിലെ ബൂത്തുകളിൽ ഒരു മണിക്കൂറോളം തടസ്സമുണ്ടായെങ്കിലും പിന്നിട് പോളിങ്ങ് തുടങ്ങിയപ്പോൾ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല.
തിരഞ്ഞെടുപ്പ് നടപടികൾ പൂർണ്ണമായും വനിത ഉദ്യോഗസ്ഥർക്ക്
31 ബൂത്തുകളിലും പൂർണ്ണമായും വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിച്ചത്.
26 സ്ഥാനാർഥികളുള്ളതിനാൽ രണ്ട് ബാലറ്റ് യൂനിറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. മാഹിയിലെ 31 ബൂത്തുകളിലും വലിയ തിരക്കില്ലാതെ യാണ് വോട്ടേടുപ്പ് പുരോഗമിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാരുണ്ടായിരുന്ന ബൂത്ത് നമ്പർ പത്തിൽ ചാലക്കര ഉസ്മാൻ ഹൈസ്കൂളിൽ മാത്രമാണ് അല്പം തിരക്ക് അനുഭവപ്പെട്ടത്. ഇവിടെ 1295 വോട്ടർമാർ ഉണ്ട്. 1000 ലേറെ വോട്ടർമാർ നാല് ബൂത്തുകളിൽ മാത്രമാണ്. സ്ത്രീ വോട്ടർമാരാണ് രാവിലെ മുതൽ വോട്ട് ചെയ്യാൻ കൂടുതലായി എത്തിയത്.
സെെക്കിൾ സവാരിക്കാരുടെ സംഘടനയായ ഷെവലിയർ ദെ മാഹെയിലെ അംഗങ്ങൾ സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് ശ്രദ്ധേയമായി. സൈക്കിളിൽ എത്തിയ അഡ്വ.ടി.അശോക് കുമാറും ശ്രീകുമാർ ഭാനുവും മാഹി ഫ്രഞ്ച് ഹൈസ്ക്കൂളിൽ വോട്ട് ചെയ്തു.
മാതൃകാ പോളിങ്ങ് ബൂത്തായ പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ടർമാർക്ക് ഇരിക്കാൻ സൗകര്യം ലഭിച്ചു. എല്ലാ വോട്ടർമാർക്കും നാരങ്ങ വെള്ളം ഉൾപ്പെടെ കുടിവെള്ളവും ലഭിച്ചു. എല്ലാവർക്കും ചീരവിത്തുകളും വിതരണം ചെയ്തു.
മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് സി.ഇ.ഭരതൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലും രമേഷ് പറമ്പത്ത് എം.എൽ.എ പള്ളൂർ ആലി സ്കൂളിലും മുൻ എം.എൽ.എ ഡോ.വി.രാമചന്ദ്രൻ ജയിൽപീടിക ഗാന്ധി മെമ്മോറിയൽ ക്ലബ്ബ് ബൂത്തിലും എൻ.ആർ.കോൺഗ്രസ് നേതാവ് വി.പി.അബ്ദുൾ റഹ്മാൻ മാഹി ഗവ.എൽ.പി.സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
എഴുത്തുകാരൻ എം.മുകുന്ദൻ സ്ഥലത്തില്ലാത്തതിനാൽ വോട്ട് രേഖപ്പെടുത്തിയില്ല. വോട്ടിങ്ങ് കഴിഞ്ഞ ശേഷം വോട്ട് യന്ത്രങ്ങളും സാമഗ്രികളും മാഹി ജെ.എൻ.ജി.എച്ച്.എസി.ലെ സ്ട്രോങ്ങ് റൂമിലെത്തിച്ചു. ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിൽ കേന്ദ്രസേനയും പോലീസും ഇവിടെ കാവലുണ്ട്.