മയ്യഴി: കേന്ദ്രസർക്കാരിന്റെ ഭാരത് അരി പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ ക്ഷേത്രത്തിന് മുൻവശത്തുനിന്ന് വിതരണം ചെയ്യുമ്പോൾ പോലീസെത്തി തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. വിതരണം തടയുകയും അരിയും വാഹനവും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ചട്ടലംഘനമാരോപിച്ച് വിവിധ രാഷ്ട്രീയകക്ഷികൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിലാണ് പോലീസ് നടപടി. അരിവിതരണം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച ബി.ജെ.പി. പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. 10 കിലോ അരി 290 രൂപയ്ക്കാണ് നൽകിയത്.
അരി വാങ്ങാനെത്തിയ നിരവധി പേർ കിട്ടാതെ തിരിച്ചുപോയി.തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് അരിവിതരണം ചെയത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ബി.ജെ.പി.യുടെ വില കുറഞ്ഞ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. മോഹനൻ പറഞ്ഞു.
മാഹിയിൽ റേഷൻ അരി നൽകാൻ കഴിയാത്തവരുടെ അരി വിതരണത്തിന്റെ രാഷ്ട്രീയം കാപട്യമാണെന്നും പ്രതിഷേധാർഹമാണെന്നും സി.പി.എം. മാഹി ലോക്കൽ സെക്രട്ടറി കെ.പി. സുനിൽകുമാർ വ്യക്തമാക്കി.