മാഹി : റെയിൽവേ സ്റ്റേഷൻ റോഡിൽ അതിർത്തിക്കടുത്ത് ആൾത്താമസമില്ലാത്ത പറമ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സർവീസ് സ്റ്റേഷന് എതിർഭാഗത്തെ പറമ്പിലാണ് 60 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നാടോടിസ്ത്രീയാണെന്നാണ് നിഗമനം.
മെറൂൺ കളർ പുള്ളി ബ്ലൗസും നീല പുള്ളി സാരിയുമാണ് ധരിച്ചത്. അഴുകിയനിലയിലുള്ള മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ടത്. കോഴിക്കോട് റൂറൽ പോലീസിലെ വിരലടയാള വിദഗ്‌ധർ, പയ്യോളിയിൽനിന്ന് ശ്വാനസേന, കോഴിക്കോട് റൂറൽ ഫൊറൻസിക്ക് വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ചോമ്പാല എസ്.ഐ. എം. പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്‌പത്രിയിലേക്ക് കൊണ്ടുപോയി. രണ്ടാഴ്ച മുൻപ് മാഹി റെയിൽവേ സ്റ്റേഷനിലെ നിർമാണം നടക്കുന്ന പുതിയ വാഹന പാർക്കിങ്ങിൽ ദുരൂഹസാഹചര്യത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടിരുന്നു.