മാഹി: കടുത്ത വേനലിൽ തൊണ്ട വരളുമ്പോൾ സഹജീവിക്ക് വെള്ളം പകർന്നു നൽകി മാതൃകയായി മാഹി മുൻസിപ്പാലിറ്റിയിലെ സാനിറ്ററി വർക്കർ എൻ കെ രാമകൃഷ്ണൻ. കഴിഞ്ഞ പതിനാലാം തീയ്യതി മുതൽ മാഹിപ്പാലത്ത് ഇലക്ഷനോട് അനുബന്ധിച്ച് ഉണ്ടാക്കിയ താൽക്കാലിക ചെക്ക് പോസ്റ്റിലാണ് രാമകൃഷ്ണൻ്റെ ഡ്യൂട്ടി.
സിമൻ്റ് തറയിൽ ഇരുമ്പ് കാൽ ഘടിപ്പിച്ച് ഇരുമ്പ് ഷീറ്റ് പാകിയതാണ് താത്ക്കാലിക ചെക്ക് പോസ്റ്റ്. ഈ വേനൽക്കാലത്ത് അവിടെ ജോലി ചെയ്യുന്നത് ദുഷ്ക്കരമാണ്. ചൂടിൻ്റെ കാഠിന്യം കുറയ്ക്കാൻ ചെക്ക് പോസ്റ്റിനു മുൻപിൽ ചാക്ക് വിരിച്ച് വെള്ളം ഒഴിക്കുമ്പോഴാണ് രാമകൃഷ്ണൻ ആ കാഴ്ച്ച കണ്ടത്. ഒരു തെരുവ്പട്ടി താൻ തറയിൽ ഒഴിച്ച വെള്ളം നക്കിക്കുടിക്കുന്നു. വെള്ളം കുടിച്ച ശേഷമുള്ള നന്ദിപൂർവ്വം വാലാട്ടിയുള്ള നായുടെ ആ നോട്ടം രാമകൃഷ്ണൻ്റെ മനസ്സിനെ ഉലച്ചു.ഈ കൊടും വേനലിൽ ജോലി എടുക്കുമ്പോൾ ശരീരത്തിലെ വെള്ളം വറ്റുന്ന അവസ്ഥ തങ്ങളിപ്പോ അനുഭവിക്കുന്നു.ആ പാവം മിണ്ടാപ്രാണിയുടെ സങ്കടം രാമകൃഷ്ണനെ ചിന്തിപ്പിച്ചു. ഉടനെ തന്നെ അടുത്തുള്ള കടയിൽ നിന്നുമൊരു മിട്ടായി കുപ്പി വാങ്ങി മുറിച്ചു പാത്രമാക്കി നായയ്ക്കു വെള്ളം കൊടുത്തു. പിന്നീടത് പതിവായി, ആ നായ മാത്രമല്ല ഇപ്പോൾ ഒത്തിരി നായ്ക്കളാണ് രാമകൃഷ്ണൻ്റെ സ്നേഹാമൃതം നുണയുന്നത്. ഡ്യൂട്ടിക്കെത്തിയാലുടൻ രാമകൃഷ്ണൻ ആദ്യം ചെയ്യുന്നത് ഈ പാത്രത്തിൽ വെള്ളം നിറയ്ക്കലാണ്.