മാഹി: ആവശ്യത്തിന് പോലീസുകാരില്ലാത്തത് കാരണം മാഹിയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിലും ഡ്യൂട്ടിയിലുള്ളവർക്ക് അധിക ജോലി ഭാരത്തിൻ്റെ ദുരിതം.
മാഹി, പള്ളൂർ, പന്തക്കൽ എന്നിങ്ങനെ മൂന്ന് പോലീസ് സ്റ്റേഷനുകളാണ് മാഹിയിൽ ഉള്ളത്. മദ്യപശല്യം അത് കാരണമുള്ള വഴക്ക്, കേസ്, അമിത മദ്യാപാനം കാരണം റോഡരികിൽ വസ്ത്രം പോലുമില്ലാത്തെ വീണു കിടക്കുന്നവർ ഇതൊക്കെ മയ്യഴിയിലെ പതിവ് കാഴ്ചകളാണ്. വീണു കിടക്കുന്നവരിൽ നിന്നും പണവും മറ്റും കവർച്ച നടത്തുന്നതും സാധാരണമാണ്. ഇക്കാര്യങ്ങളിലൊക്കെ ഇടപെടാനും പ്രശ്നം പരിഹരിക്കാനും മതിയായ സേനാംഗങ്ങൾ ഇല്ലാത്തതിനാൽ പോലീസ് പെടാപ്പാട് പെടുകയാണ്.
മാഹി ദേശീയപാത ദുരിതപാത..
കണ്ണൂർ ജില്ലയുടെ പ്രവേശന കവാടമായ മാഹിപ്പാലം മുതൽ കോഴിക്കോട് ജില്ലാ അതിർത്തിയായ പൂഴിത്തല വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന ദേശീയ പാത യാത്രക്കാർക്ക് എന്നും ദുരിതപാതയാണ്. മിക്ക സമയങ്ങളിലുമുള്ള മാഹിയിലെ ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ വലയുകയാണ്.
മിക്കയിടങ്ങളിലും രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം പോകാൻ പ്രയാസമുള്ളതും വീതി കുറഞ്ഞതും വളവുകളും തിരിവുകളും കയറ്റിറങ്ങളുള്ളതുമാണ് മാഹി ദേശീയപാത. എവിടെയെങ്കിലും ഒരു വാഹനം നിന്നു പോയാൽ ആ വാഹനം മാറ്റുന്നത് വരെ മാഹി ഗതാഗതക്കുരുക്കിലമരും.
ഇന്ധന വിലയിലെ വലിയ ആകർഷണീയത കാരണം ചരക്ക് ലോറികളടക്കമുള്ള ധാരാളം വാഹനങ്ങൾ പെട്രോൾ പമ്പുകളിലും ദേശീയ പാതയോരത്തും തലങ്ങും വിലങ്ങും നിർത്തുന്നത് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. രാത്രി വൈകിയും പുലർച്ചെയും ഗതാഗത തടസ്സം പതിവാണ്. പോലീസ് സേനയിൽ അംഗബലമില്ലാത്തതിനാൽ ഗതാഗത നിയന്ത്രണത്തിന് പോലീസിൻ്റെ സേവനം ലഭ്യമല്ല. പകൽ സമയത്ത് ഏതാനും ട്രാഫിക് പോലീസിൻ്റെ സേവനം ലഭിക്കുന്നുണ്ടെങ്കിലും അത് വലിയ പ്രയോജനം ചെയ്യുന്നില്ല. മാഹിയിൽ പ്രത്യേകം ട്രാഫിക് പോലീസ് ഇല്ല. പോലീസ് കോൺസ്റ്റബിൾ തന്നെയാണ് ഈ ഡ്യൂട്ടിയും ചെയ്യുന്നത്.
പോലീസ് അംഗബലം പകുതിയിൽ താഴെ മാത്രം..
മാഹിയിൽ ആകെ 115 കോൺസ്റ്റബിൾമാർ വേണ്ടിടത്ത് നേരെ പകുതി പേർ മാത്രമാണ് ഉള്ളത്. 66 ഹോം ഗാർഡുമാർ വേണ്ട സ്ഥാനത്ത് 18 പേരേയുള്ളൂ. 48 പേരുടെ കുറവാണുള്ളത്. രണ്ട് വീതം ഹെഡ് കോൺസ്റ്റബിൾമാരുടെയും എ.എസ്.ഐ.മാരുടെയും മൂന്ന് എസ്.ഐമാരുടെയും കുറവുമുണ്ട്.
അംഗ സംഖ്യ കുറഞ്ഞതിനാൽ പരാതിക്കാർക്ക് നിശ്ചിത സമയത്തിനുള്ളിൽ സേവനം നൽകാൻ സാധിക്കാത്ത അവസ്ഥയുണ്ട്.
പന്തക്കലിൽ 10 പേർ കുറവ്
പന്തക്കലിൽ 17 പോലീസുകാർ വേണ്ടിടത്താണ് ഒരു എസ്.ഐ. അടക്കം ഏഴ് പേർ മാത്രം ജോലി ചെയ്യുന്നത്. രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും നാല് കോൺസ്റ്റബിൾമാരും മാത്രമാണ് പന്തക്കലിൽ നിലവിൽ ഉള്ളത്. ക്ലാർക്കോ സ്വീപ്പറോ ഇല്ലാത്തതിനാൽ ആ ജോലിഭാരവും ഇവർക്ക് തന്നെ. തലശ്ശേരിയുൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം വാഹനങ്ങൾ പന്തക്കലിലും പള്ളൂരിലും ഇന്ധനം നിറക്കാനെത്തുന്നത് കാരണം അവിടെയും ഗതാഗത തടസം പതിവാണ്. പന്തക്കലിൽ മദ്യശാലകൾ ധാരാളം ഉള്ളതിനാൽ മദ്യപസംഘം ധാരാളമായി എത്തുന്നത് കാരണമുള്ള ക്രമസമാധാന പ്രശ്നങ്ങളും ഏറെയുണ്ട്. അഞ്ച് അടിപിടിക്കേസുകൾ എങ്കിലും പതിവാണ്. നിരോധിത പുകയില ഉല്പന്നങ്ങളുടെയും മയക്ക് മരുന്നുകളുടെ വിപണനവുമായി ബന്ധപ്പെട്ട കേസുകളും നിരവധിയാണ്. അംഗബലം കുറഞ്ഞത് കൊണ്ടുള്ള പ്രയാസങ്ങളും ദുരിതങ്ങളും അഞ്ച് വർഷത്തോളമായി ഡ്യൂട്ടിയിലുള്ളവർ അനുഭവിക്കുകയാണ്. കേസന്വേഷണത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചിലപ്പോൾ പോലീസുകാർക്ക് 16 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ജോലിത്തിരക്കിൽ സയത്ത് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത സന്ദർഭങ്ങളും ധാരാളം. അംഗബലം വർധിപ്പിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട ഉന്നതാധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമൊന്നും ഇത് വരെ ഉണ്ടായിട്ടില്ല.
ഗതാഗതക്കുരുക്ക്: പോലീസ് ഇടപെടൽ ഉണ്ടാവും..
മാഹി ദേശീയപാതയിലെ ഗതാഗതപ്രശ്നങ്ങൾ പരിശോധിച്ച് യാത്രക്കാർ അനുഭവിക്കുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ പോലീസിനെ നിയോഗിക്കും. പോലീസിൻ്റെ അംഗബലം വർധിപ്പിക്കാൻ സർക്കാർ നടപടി ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ അറിയിച്ചു