അശാസ്ത്രീയമായ ടോള്‍പിരിവെന്ന് ആക്ഷേപം; തലശേരി- മാഹി ബൈപ്പാസിലെ ടോള്‍പിരിവ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂർ: ദിവസങ്ങള്‍ക്കു മുൻപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ അശാസ്ത്രീയമായ ടോള്‍ പിരിവ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവിടെ ടോള്‍പിരിവ് ആരംഭിച്ചിരുന്നു.

മതിയായ സൗകര്യമില്ലാതെയാണ് ടോള്‍ പിരിവ് നടത്തുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധർണ നടത്തിയത്. സമരം തുടങ്ങുന്നതിനു മുമ്പ് തന്നെ കിലോമീറ്ററോളം നീണ്ട ഗതാഗത കുരുക്ക് കണ്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടോള്‍ പിരിവ് നിർത്തി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ടോള്‍ പ്ലാസ ജീവനക്കാരും, പൊലീസും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

60 കിലോമീറ്ററില്‍ ഒരു സ്ഥലത്ത് മാത്രമാണ് ടോള്‍ ബൂത്ത് സ്ഥാപിക്കാനുള്ള അധികാരം ഉള്ളത്. എന്നാല്‍ 18.6 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ റോഡില്‍ ടോള്‍ ബൂത്ത് സ്ഥാപിച്ചതും ആറ് വരി പാത ടോള്‍ പിരിക്കാനായി നാല് വരിയായി ചുരുക്കുന്നതും, ടോയ്ലറ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും ഫാസ്റ്റ് ടാഗ് പരിഗണിക്കാൻ സൗകര്യമില്ലാത്തതും തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ നിയമങ്ങള്‍ പാലിക്കാതെ നടത്തുന്ന ടോള്‍ പിരിവ് നിർത്തിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഒരു മണിക്കൂറോളം ടോള്‍ പിരിക്കാതെ വാഹനങ്ങളെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കടത്തി വിട്ടു. ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ 24 മണിക്കൂറും ടോള്‍ പിരിവ് തടയുന്ന സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനൻ പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി നിമിഷ വിപിൻദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ്, ജനറല്‍ സെക്രട്ടറി മിഥുൻ മാറോളി, നിധിൻ കോമത്ത്,അഷറഫ് ബി പി, ജിതിൻ കൊളപ്പ, ഷജില്‍ മുകുന്ദ്, ഹരികൃഷ്ണൻ പാളട്, പ്രജീഷ് പി പി, ഷുഹൈബ്, അർബാസ്, ശ്രീനേഷ് മാവില, ഹിമ തുടങ്ങിയവർ നേതൃത്വം നല്‍കി.

വളരെ പുതിയ വളരെ പഴയ