ചൊക്ലി : മോന്താലിൽ തണ്ണീർത്തടവും കണ്ടൽകാടും മണ്ണിട്ട് നികത്തുന്നു. പാനൂർ നഗരസഭ അതിർത്തി പ്രദേശമായ മോന്താൽ തീരദേശ റോഡിലെ കള്ള് ഷാപ്പിന് സമീപത്തെ സ്ഥലമാണ് പട്ടാപകൽ മണ്ണിട്ട് നികത്തുന്നത്. ഏകദേശം 5 ഏക്കറോളം വരുന്ന സ്ഥലമാണ് റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പൂർണ ഒത്താശയോടെ രണ്ട് ദിവസമായി 5 ടിപ്പർ ലോറികളിലായി മണ്ണും മറ്റ് കെട്ടിടാവശിഷ്ടങ്ങളുപയോഗിച്ച് നികത്തുന്നത്. ഇവിടെ വലിയൊരു ഭാഗം കണ്ടൽ കാടും വെള്ളക്കെട്ടുമാണ്.
5 ഏക്കറിൽ 50 സെൻ്റ് സ്ഥലം തരം മാറ്റിയിട്ടുണ്ട്. ഈ ഉത്തരവിൻ്റെ മറവിലാണ് 5 ഏക്കർ ഭൂമി മണ്ണിട്ട് നികത്തുന്നത്. തരം മാറ്റിയ സ്ഥലവും അനധികൃത വഴിയിലൂടെയാണ് അനുമതി വാങ്ങിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. പുറമെ നിന്നും ആളുകളെത്തുന്നതും പരിശോധനയ്ക്ക് മറ്റ് ഉദ്യോഗസ്ഥരെത്തുന്നതും മണ്ണെത്തിക്കുന്ന ലോറികൾക്ക് വിവരം നൽകാനായി ഒരാളെ കാവലിനായി ഇവിടെ നിർത്തിയിട്ടുണ്ട്. രണ്ട് ദിവസമായി ഈ സ്ഥലം നികത്തുന്നുണ്ടെങ്കിലും ഇതേവരെ നടപടിയെടുക്കാൻ അധികൃതരെത്താതത് സംശയം ബലപ്പെടുത്തുന്നു. മോന്താൽ പുഴയ്ക്ക് സമീപത്തായാണ് ഈ സ്ഥലം.