വെളിച്ചവും സുരക്ഷയുമില്ലാതെ മാഹി റെയിൽവേ സ്റ്റേഷൻ പരിസരം.

മയ്യഴി : മാഹി റെയിൽവേ സ്റ്റേഷൻ പരിസരം കുറ്റവാളികളുടെയും മയക്കുമരുന്ന് വില്പനക്കാരുടെയും ഉപഭോക്താക്കളുടെയും മദ്യപസംഘത്തിന്റെയും താവളമായി മാറി.

ഇവിടെ അടിപിടിയും സംഘട്ടനവും പതിവാണ്. ചൊവ്വാഴ്ച പുലർച്ചെ മാഹി റെയിൽവേ സ്റ്റേഷന്റെ നവീകരണപ്രവൃത്തി നടക്കുന്ന പാർക്കിങ് ഗ്രൗണ്ടിൽ അജ്ഞാതൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് ഇത്തരം സംഘങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സംഭവം നടന്ന ദിവസം ഇവിടെ തെരുവുവിളക്കുകൾ പ്രകാശിച്ചിരുന്നില്ല. തെരുവുവിളക്കുകൾ കത്താത്ത കാര്യം നേരത്തെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്.

റെയിൽവേയുടെ പാർക്കിങ് സ്ഥലത്ത് വൈദ്യുതവിളക്കുകളുടെ പ്രവൃത്തി പൂർത്തിയായിട്ടില്ല. വെളിച്ചമില്ലാതിരുന്നതിനാൽ സംഭവം നടന്ന സ്ഥലത്തെ നിരീക്ഷണ ക്യാമറകളിൽ ദൃശ്യങ്ങളൊന്നും വ്യക്തമായിരുന്നില്ല. സാഹചര്യത്തെളിവുകൾ വെച്ച് കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.

മരിച്ചതാരാണെന്നോ കൊലപാതകമാണെങ്കിൽ എന്താണ് അവിടെ സംഭവിച്ചതെന്നോ വ്യക്തമായിട്ടില്ല. പോലീസ് സമീപപ്രദേശങ്ങളിലെ നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം നടന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

മൃതദേഹത്തിൽ തലക്കും മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. ചോരപുരണ്ട കരിങ്കല്ല് സമീപത്തുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പതിവായി പ്രശ്നങ്ങളുണ്ടാകുന്ന ഇവിടെ ചോമ്പാല പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും പോലീസുകാരുണ്ടാവാറില്ല.

മാഹി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ നിയമിക്കണമെന്ന ദീർഘകാലത്തെ ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. റെയിൽവേ സ്റ്റേഷനും പരിസരത്തും പോലീസിന്റെ സ്ഥിരം സാന്നിധ്യമുണ്ടാവണമെന്നാണ് നാട്ടുകാരുടെയും തീവണ്ടിയാത്രക്കാരുടെയും ആവശ്യം.

വളരെ പുതിയ വളരെ പഴയ