ന്യൂമാഹി : ന്യൂമാഹി എം.എം. അലൂംനി അസോസിയേഷൻ ഒന്നാം വാർഷികവും കുടുംബസംഗമവും ആദര സമർപ്പണവും ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടത്തി. നാനൂറിലേറെ പേർ സംഗമത്തിൽ പങ്കെടുത്തു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്‌തു ഉദ്ഘാടനം ചെയ്തു. അലൂംനി പ്രസിഡൻ്റ് അസീസ് മാഹി അധ്യക്ഷത വഹിച്ചു. അലൂംനി സെക്രട്ടറി ഫൈസൽ ബിണ്ടി, എം.കെ. താഹിർ, സംഘാടക സമിതി കൺവീനർ ടി.എം.പി.റഫീഖ് എന്നിവർ പ്രസംഗിച്ചു.
ആർക്കിടെക്ട്സ് പ്രസിഡൻഷ്യൽ ദേശീയ പുരസ്‌കാര ജേതാവ് ഡോ. സി. നജീബ്, കോടിയേരി സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. താഹിർ, ദേശീയ മാസ്റ്റേഴ്‌സ് മീറ്റിൽ മെഡൽ ജേതാക്കളായ എം.എം. ഹൈസ്‌കൂൾ കായികാധ്യാപകർ മുഫ്തിൽ മുനീർ, കെ.പി. മുസമ്മിൽ, സംസ്ഥാന ദേശീയതല കായികമേളയിൽ മികവ് തെളിയിച്ച എം.എം ഹൈസ്കൂളിലെ വിദ്യാർഥികളായ സി.പി.നിജിദ്, സി.കെ.സാധിഗ, എസ്. ശ്രീലക്ഷമി, ആന്‍വി ദാസ്, നൂഹ ഫാത്തിമ,നവാലു റഹ്മാൻ, മുഹമ്മദ് നയീം എന്നിവരെ ആദരിച്ചു. അലൂംനിയുടെ കുടുംബാംഗങ്ങൾക്കായി വിവിധ കലാ കായിക വിനോദ മത്സരങ്ങൾ ഉണ്ടായി. കരോക്കെ ഗാനലാപനവും തലശ്ശേരി റിഥം ഓർക്കസ്ട്രയുടെ ഗാനസന്ധ്യയും നടന്നു. സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.