ന്യൂമാഹി:പള്ളിപ്രം ദേശത്തെ പള്ള്യത്ത് അനീഷ് തനിക്കൊപ്പം കുഞ്ഞുനാളിലേ വോളി ബോൾ ഗ്രൗണ്ടിലെ ആരവങ്ങൾ കേട്ട് വളർന്ന രണ്ട് പെൺമക്കൾ ഇപ്പോൾ വയനാട്ടിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ട് ജില്ലകൾക്കായി പോർക്കളം തീർക്കുന്നത് കാണാൻ പിതാവ് ഓട്ടോ ഡ്രൈവർ അനീഷും ,ഭാര്യ പ്രസന്നയും അഭിമാനത്തോടെ വയനാട്ടിലെത്തി.
അനീഷിന് വോളിബാൾ ജീവരക്തത്തിലലിഞ്ഞ് ചേർന്ന ലഹരിയാണ്. പള്ളൂർ ഇടയിൽ പീടിക ഗ്രൗണ്ടിലെ സ്ഥിരം വോളിമ്പോൾകളിക്കാരനായ അനീഷിന് ഉയരങ്ങൾ താണ്ടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എങ്കിലും തനിക്ക് സാധിക്കാതെ പോയ നേട്ടങ്ങൾ, തൻ്റെ രണ്ടു പെൺമക്കളിലൂടെ സാധിച്ചെടുത്തതിൻ്റെ നിർവൃതിയിലാണ് അനീഷ്. വയനാട്ടിൽ ഇപ്പോൾ നടക്കുന്ന സംസ്ഥാന സീനിയർ വോളിബാൾ ചാംമ്പ്യൻഷിപ്പ് മത്സരത്തിൽ അവരിരുവരും മുഖാമുഖം വരും. ഒരാൾ കണ്ണൂർ ടീമിനു വേണ്ടിയും മറ്റൊരാൾ കോട്ടയത്തിനു വേണ്ടിയുമാണ് ജഴ്സിയണിയുന്നത്.
കുഞ്ഞായിരിക്കുമ്പോൾ തന്നെ തൻ്റെ മക്കളിരുവരേയും അനീഷ് തന്നോടൊപ്പം കോർട്ടിലെത്തിക്കുമായിരുന്നു മൂത്തവളായ അനന്യ എത്തിപ്പെട്ടത് കണ്ണൂർ സ്പോർട്സ് കൗൺസിൽ കോച്ച് ശിവദാസൻ്റെ മുന്നിലാണ്. മുൻ ബി.എസ്.എഫ് താരവും എൻ.ഐ.എസ് കോച്ചും, കണ്ണൂർ സ്പോർട്സ് ഡിവിഷൻ .സെക്രട്ടറിയുമായിരുന്നു ശിവദാസൻ. ഇപ്പോൾ മുത്തൂറ്റ് സ്പോർട്സ് അക്കാദമിയുടെ കോച്ചായി അങ്കമാലിയിൽ. ശിവദാസൻ കോച്ചായി തൊട്ടിൻപാലം അക്കാദമിയിലെത്തിയപ്പോൾ എട്ടാം ക്ലാസ്സുകാരി യായി കവിയൂരിൽനിന്ന് അനന്യ വട്ടോളി സ്കൂളിൽ ചേർന്ന് പരിശീലനം തുടർന്നു. പ്ലസ് വൺ, പ്ലസ്ടു, ബിരുദം നേടിയത് അസംപഷൻ കോളേജ് ചങ്ങനാശ്ശേരിയിൽ നിന്ന്. തുടർന്ന് കേരള പൊലീസിൽ ചേർന്നു. ഇപ്പോൾ തിരുവനന്തപുരം കേന്ദ്രമായ പോലീസ് ടീമിൻ്റെ ക്യാപ്റ്റനാണ് അനന്യ. ടീമിലെ നട്ടെല്ലായ സെറ്റർ.
കേരള ടീമിലംഗമായി പീന്നീട് നാഷണൽ ടീമിൽ കളിച്ചു. ഇളയവൾ അനാമിക ചേച്ചിയെ പിന്തുടർന്ന് വോളിബോൾ കോർട്ടിലെത്തി. എട്ടിൽ പഠിക്കുമ്പോൾ മുതൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് സ്കൂളിൽ ടീമംഗമായി. തുടർന്ന് ഹയർസെക്കണ്ടറി ചെന്നൈ എസ്.ആർ.എം. യൂണിവേഴ്സിറ്റിയിൽ. ഒരു വർഷം തിരുവനന്തപുരം സായിയിലെത്തി. ഇപ്പോൾ കോട്ടയം അസംപ്ഷൻ കോളേജിൽ ബിരുദ വിദ്യാർത്ഥിനി. സെൻ്റർ ബ്ലോക്കർ എന്ന സുപ്രധാനമായ ഉത്തരവാദിത്വമാണ് അനാമികയ്ക്ക്.
ഇരുവർക്കും ഒരൊറ്റ ലക്ഷ്യം മാത്രം. ഇന്ത്യൻ ടീമിലെത്തുക. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാൻ കഴിയുക എന്ന സ്വപ്നവുമായി തീവ്രപരിശീലനം നടത്തുന്നു ഈ സഹോദരിമാർ. അതിൻ്റെ പ്രാർത്ഥനയോടെ അനീഷും ഭാര്യ പ്രസന്നയും.
മക്കളെ ഡോക്ടർമാരാക്കാനും, എഞ്ചിനീയർമാരാക്കാനും രക്ഷിതാക്കൾ മത്സരിക്കുന്ന ഇക്കാലത്ത് മക്കളെ കായിക രംഗത്തെ തിളങ്ങുന്ന താരമാക്കാൻ ഉറച്ച തീരുമാനമെടുത്ത് അനീഷ് പ്രസന ദമ്പതികൾ പുതിയ മാതൃക സൃഷ്ടിച്ചവരാകുന്നു.
#tag:
Mahe