ഈ റോഡിലൂടെ പോയാൽ ഉള്ള ആരോഗ്യവും പോകും'.

ന്യൂമാഹി: ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും ആയുർവേദ ഡിസ്പെൻസറിയിലേക്കും എത്തിച്ചേരാനുള്ള റോഡിന്റെ തകർച്ച ജനത്തെ വലയ്ക്കുന്നു. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡിലെടുത്ത കുഴി നിരപ്പാക്കാത്തതുകാരണം ഇതുവഴി വാഹനഗതാഗതം ദുസ്സഹമാകുകയാണ്. രോഗികളും ഗർഭിണികളും വയോജനങ്ങളുമൊക്കെ ആരോഗ്യകേന്ദ്രത്തിലെത്താൻ ഏറെ പ്രയാസപ്പെടുന്നു. ഓട്ടോ റിക്ഷകൾ ഇവിടേക്ക് വരാൻ മടിക്കുന്നു.പുന്നോൽ കുറിച്ചിയിലെ റെയിൽവേ ഗേറ്റ്‌ മുതൽ ആരോഗ്യകേന്ദ്രം വരെയുള്ള റോഡ് നവീകരിച്ച് ടാർചെയ്യാൻ ഒരുവർഷം മുൻപ് ഫണ്ടനുവദിച്ചിരുന്നു. സ്പീക്കറും തലശ്ശേരി എം.എൽ.എ.യുമായ എ.എൻ. ഷംസീറിന്റെ ശ്രമഫലമായി ഹാർബർ എൻജിനിയറിങ് വകുപ്പാണ് ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിന് 28 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഈ പ്രവൃത്തി നടന്നില്ല. റെയിൽ പാളത്തിന് സമാന്തരമായി വരുന്ന ഭാഗത്തെ റോഡ് പണി നടത്താൻ റെയിൽവേയിൽനിന്ന് അനുമതി ലഭിച്ചില്ല. കുറച്ചുഭാഗത്തെ ഇടുങ്ങിയ റോഡ് വീതികൂട്ടാനുമായില്ല. ഇതുകാരണം 28 ലക്ഷം രൂപയുടെ പ്രവൃത്തി തടസ്സപ്പെട്ടിരിക്കയാണ്. പകരമായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഈ റോഡ് ടാർചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചത്. എന്നാൽ ജൽജീവന്റെ പ്രവൃത്തി തീരാതെ റോഡ് നവീകരണവും ടാർചെയ്യലും സാധ്യമല്ല.

ഈയ്യത്തുങ്കാട് ഭാഗത്ത് സ്ഥിതിചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പള്ളിപ്രം, പെരിങ്ങാടി എന്നിവിടങ്ങളിൽനിന്ന് അഞ്ച് കിലോമീറ്ററിലേറെ ദൂരം താണ്ടിയാണ് രോഗികളെത്തുന്നത്. ജൽജീവൻ കുടിവെള്ള പദ്ധതി പൂർത്തിയാകാൻ ഒരുവർഷത്തോളമെടുക്കും. അത്രയും കാലം ജനങ്ങൾ ദുരിതമനുഭവിക്കേണ്ടിവരും. താത്കാലിക പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഉയർന്നും താഴ്ന്നുമിരിക്കുന്ന റോഡ് നിരപ്പാക്കി ഗതാഗതം സുഗമമാക്കണമെന്നാണ് ആവശ്യം.

വളരെ പുതിയ വളരെ പഴയ