ഒളവിലം:’ടീച്ചറെ ഞങ്ങൾക്കും വോട്ട് ചെയ്യണം’ ഒന്നാം ക്ലാസിലെ ആദ്യരാജിൻ്റെ ചോദ്യത്തിന് അധ്യാപകരുടെ പൂർണ പിന്തുണ ലഭിച്ചതോടെ ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിലെ എൽപി വിഭാഗം കുട്ടികളുടെ ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടന്നു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ തിങ്കളാഴ്ച അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ, എൽപി വിഭാഗത്തിന് അതിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
പൊതുതെരഞ്ഞെടുപ്പിൻ്റെ അതേ രീതിയിൽ എൽപി വിഭാഗം വിദ്യാർഥികളെയും തെരഞ്ഞെടുപ്പിന് സജ്ജരാക്കി. വെള്ളിയാഴ്ച തന്നെ നാമനിർദേശപത്രിക സമർപണവും സൂക്ഷ്മ പരിശോധനയും പൂർത്തിയാക്കി. മൊബൈൽ ഫോണിൽ പ്രവർത്തിപ്പിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കുട്ടികൾക്ക് തിരിച്ചറിയൽ കാർഡും തയ്യാറാക്കിയിരുന്നു. പ്രിസൈഡിങ് ഓഫിസറും ഫസ്റ്റ് സെക്കൻഡ് പോളിങ് ഓഫിസറുമുണ്ടായിരുന്നു. സ്കൗട്ട് ഗൈഡസ് വിദ്യാർഥികളും അധ്യാപകരും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കെ വി ആത്മീയ, നൈനിക, സി ടി ധ്യാൻ, മൂസ സെമിൻ, ഫാത്തിമത്തുൽ സഹ്റ എന്നിവർ വിവിധ ക്ലാസുകളിൽ തെരഞ്ഞെടുക്കപ്പെട്ടു.