കുതിപ്പിന് ഒരുങ്ങി മാഹിയും അഴിയൂരും

മാഹി: ബൈപ്പാസ് റോഡിനായുള്ള നാല്പതിലേറെ വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ ഇനി ഏതാനും നാളുകൾ മാത്രം മാഹി ടൗണുമായി യാതൊരു ബന്ധവുമില്ലാതെ പോവുന്ന ബൈപ്പാസിനെ ആശങ്കയോടെയാണ് മാഹി ടൗണിലെ വ്യാപാരികൾ കാണുന്നത്.

ജി എസ് ടി യുടെ വരവോടെ പെട്രോളും, മദ്യവുമൊഴികെ ബാക്കിയെല്ലാത്തിനും കേരളത്തിലെ അതേ വിലയായതിനാൽ പ്രതാപം കുറഞ്ഞ മാഹിയിലെ വ്യാപാരത്തിന് ബൈപ്പാസ് ഇരുട്ടടിയാവുമോയെന്നാണ് വ്യാപാരികളുടെ ആശങ്ക.

എന്നാൽ സ്പ‌ിന്നിങ്ങ് മിൽ ജംഗ്ഷന് സമീപത്ത് പെട്രോൾ പമ്പുകൾ വരുന്നതോടെ ദീർഘദൂര യാത്രക്കാർ മാഹിയെ പൂർണ്ണമായും ഒഴിവാക്കും മാഹിയോട് ബന്ധപ്പെട്ട ഭാഗങ്ങളിൽ കൂടി കട പോവുന്ന സർവീസ് റോഡുകളിൽ നിന്ന് നിയമപ്രകാരമുള്ള അകലത്തിൽ മദ്യക്കടകൾ കൂടി ആരംഭിച്ചാൽ പിന്നെ മാഹിയുടെ വ്യാപാരത്തിന് സ്വാഭാവികമായും മാന്ദ്യം സംഭവിക്കും, പള്ളൂരും മറ്റു ഭാഗങ്ങളിലും വ്യാപാരം സജീവമാവുകയും ചെയ്യും.

നിലവിൽ മാഹിയിലെ മെയിൻ റോഡിൽ കാണുന്ന കടകളുടെ ഭൂരിഭാഗം ഷട്ടറുകളും അടഞ്ഞാണ് കിടക്കുന്നത്.
ഇത്ര കാലവും ഗോഡൗണുകളാക്കിയവ ഇപ്പോൾ ഒഴിഞ്ഞ് കിടക്കുകയാണ്. കെട്ടിട ഉടമയുടെ വാടക കൊടുക്കാൻ മാത്രം കട തുറന്ന് വെക്കുന്ന ഹതഭാഗ്യരായ കച്ചവടക്കാരുമുണ്ട്.

മാഹി ടൗണിൽ ജീവിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം ബൈപ്പാസ് തുറന്നാൽ ഒരാശ്വാസം തന്നെയാണ്.
അതേ സമയം ബൈപ്പാസ് വന്നാലും പുതുച്ചേരി സംസ്ഥാനത്ത് മാഹി വഴിയുള്ള വരുമാനത്തിൽ നഷ്ട‌ം വരില്ലെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ മാഹിയിൽ നിന്നും ഒഴിവാകുന്ന കച്ചവടം പള്ളൂർ മേഖലയിൽ നിന്ന് ലഭിക്കുന്നാണ് പ്രതീക്ഷ

ബൈപാസ് തുറക്കുന്നതോടെ കുഞ്ഞിപ്പള്ളി, മുക്കാളി ടൗണുകൾ സജീവമാവും, കുഞ്ഞിപ്പള്ളി – വെങ്ങളം ബൈപ്പാസ് റോഡ് പൂർത്തിയാവുന്നത് വരെ ഇവിടെയുള്ള വ്യാപാരികൾക്കാശ്വസിക്കാം ഈ ഭാഗത്തും ബൈപ്പാസ് നിർമ്മാണം തകൃതിയായി നടക്കുന്നുണ്ട്. കുഞ്ഞിപ്പള്ളി മുതൽ വെങ്ങളം വരെയുള്ള റോഡ് 2024 ജൂലൈയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമെങ്കിലും പണി നീണ്ടു പോവാനുള്ള സാധ്യതയും കാണുന്നു.

അഴിയൂർ കഴിഞ്ഞാൽ പിന്നെ തലശ്ശേരി വരെയെത്താനുള്ള സമയം യാത്രക്കാർക്കെന്നല്ല ദൈവത്തിന് പോലും ഊഹിക്കാൻ കഴിയിലെന്നാണ് തമാശ രൂപേണയുള്ള ബസ് ജീവനക്കാരുടെ ഭാഷ്യം.ബൈപ്പാസ് തുറക്കുന്നതോടെ സുഗമമായി യാത്ര ചെയ്യാൻ പറ്റുമെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്

തലശ്ശേരി ബാലം പാലം, മാഹി അഴിയൂർ മെട്രോ മേൽപാലം എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ദേശീയപാത ബൈപാസിനായി 1977ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. 2020 മേയിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണു നിർമ്മാണം തുടങ്ങിയതെങ്കിലും നെട്ടൂർ ബാലത്ത് നിർമാണത്തിനിടെ പാലത്തിന്റെ നാലു ബീമുകൾ തകർന്നുവീണതും കൊവിഡും തുടർന്നുവന്ന ലോക്‌ഡൗണും തടസ്സമായി.

കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപാസ്. ധർമ്മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോള കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്ന പോകുന്നത്. ജി.എച്ച് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇ.കെ.കെ ഇൻഫ്രാസ്ട്രക്‌ചർ പ്രൈവറ്റ് ലിമിറ്റ എന്നീ കമ്പനികളാണ് നിർമാണ കരാർ ഏറ്റെടുത്തത്

വളരെ പുതിയ വളരെ പഴയ