മയ്യഴി : മാഹി റെയിൽവേ സ്റ്റേഷന്റെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രവൃത്തി പുരോഗമിക്കുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്.ഒന്നാംഘട്ട പ്രവൃത്തി ഏപ്രിലിൽ പൂർത്തിയാകുംഅസൗകര്യങ്ങൾ ഏറെയുള്ള റെയിൽവേ സ്റ്റേഷനിൽ 10 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രവേശനകവാടം സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
ഇതിനായി പ്രധാന കവാടത്തിലേക്കുള്ള വഴി അടച്ചു. താത്‌കാലികമായി മറ്റൊരു ഭാഗം തുറന്നിട്ടുണ്ട്. കവാടത്തിന്റെ വലതുഭാഗത്തെ പാർക്കിങ് ഏരിയയുടെ പണിയും നടക്കുന്നുണ്ട്. പ്ലാറ്റ് ഫോമിന്റെ ഷെൽട്ടർ ഉയരം കൂട്ടൽ, തറയിൽ ഇരുഭാഗങ്ങളിലുമായി 200 മീറ്റർ നീളത്തിൽ കടപ്പവിരിക്കൽ തുടങ്ങിയ ഒന്നാംഘട്ട വികസനം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കും. പൂന്തോട്ടം ഉൾപ്പെടെയുള്ള പ്രകൃതി സൗഹൃദമായ ഗ്രീൻ പാർക്കിങ് ഏരിയയും ഓവുചാലുകളും നിർമിക്കുന്നുണ്ട്. സ്റ്റേഷന്റെ ഇടതുവശത്തായാണ് ബസ് ബേ, ഓട്ടോ പാർക്കിങ്, ടാക്സി പാർക്കിങ് എന്നിവയ്ക്ക് സംവിധാനം ഉണ്ടാക്കുന്നത്. മുഴുവൻ വാഹനങ്ങൾക്കും പാർക്കിങ്ങിന് റെയിൽവേ നിരക്ക് ഈടാക്കും. വലതുവശത്ത് വാഹന പാർക്കിങ്ങിനുള്ള പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിലേക്ക് റിസർവേഷൻ കൗണ്ടറിൽ സൗകര്യങ്ങൾ വർധിപ്പിക്കൽ, സർക്കുലേറ്റിങ് ഏരിയ നവീകരിക്കൽ, രണ്ടാം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കിരിക്കാൻ മതിയായ ഇരിപ്പിടങ്ങളും മേൽക്കൂരയും സ്ഥാപിക്കൽ, ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ എസ്കലേറ്ററ്റർ സ്ഥാപിക്കൽ, കുടിവെള്ളത്തിന് വാട്ടർ ടാങ്കുകൾ നിർമിച്ച് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടെ യാത്രക്കാർക്ക് സൗകര്യപ്രദമായ കാത്തിരിപ്പ് കേന്ദ്രവും ടിക്കറ്റെടുക്കാനുള്ള കെട്ടിടവും പാർക്കിങ് ഏരിയയും ശൗചാലയവും നിർമിക്കൽ എന്നിവയൊക്കെയാണ് പദ്ധതിയിലുള്ളത്.