പിണറായി:ലഹരി വിപത്തിനെതിരെ ഒറ്റ യാൾ പോരാട്ടം നടത്തുന്ന മധു ബേഡകത്തിന്റെ ഏകാംഗ നാടകം തലശേരി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. “ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യമു യർത്തി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. “മരണമൊഴി’ നാടകം ജനങ്ങളെ ആകർഷിച്ചു. നാടകാവതരണത്തിൻ്റെ ഉദ്ഘാടനം പിണറായി ടൗണിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രാജീവൻ അധ്യക്ഷനായി. പിണറായി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി എസ് ബാവിഷ് മുഖ്യാതിഥിയായി. സിവിൽ എക്സൈസ് ഓഫീസർ കെ കെ സമീർ ബോധവൽക്കരണ ക്ലാസ്സെടുത്തു.
തുടർന്ന് അഞ്ചരക്കണ്ടി മുഴപ്പാലയിലും വേങ്ങാട് തെരുവിലും നാടകം അവതരിപ്പിച്ചു. ശനി പകൽ രണ്ടിന് ന്യൂമാഹിയിലെ മാഹിപ്പാലത്തിലും 3.30 ന് എരഞ്ഞോളി പഞ്ചായത്തിലെ ചുങ്കത്തും വൈകിട്ട് അഞ്ചിന് ധർമടം പഞ്ചായത്തിലെ അണ്ടലൂർക്കാവ് പരിസരത്തും നാടകം അവതരിപ്പിക്കും. വൈകിട്ട് ആറിന് മുഴപ്പിലങ്ങാട് ബീച്ചിൽ സമാപിക്കും.