കുഞ്ഞിപ്പള്ളി ടൗൺ സംരക്ഷിക്കുക എന്ന ആവശ്യം ഉയർത്തി നവംബർ 14ന് ചൊവ്വാഴ്ച ഹർത്താൽ

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള ഏക വഴിയും അടയാൻ പോവുകയാണ്.

കുടുംബ ആരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ, കൃഷിഭവൻ, റേഷൻ ഷോപ്പ്,തുടങ്ങി നൂറു കണക്കിന് ആളുകൾ ദൈനംദിനം ആശ്രയിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ കുഞ്ഞിപ്പള്ളി ടൗണിൽ സ്ഥിതി ചെയ്യുന്നു. തൊട്ടടുത്ത് എസ് എം ഐ കോളേജിലേക്കും സ്കൂളിലേക്കും ചരിത്രപ്രസിദ്ധമായ കുഞ്ഞിപ്പള്ളിയിലേക്കും നൂറുകണക്കിന് ആളുകൾ നടന്നു പോകുന്നത് കുഞ്ഞിപ്പള്ളി ടൗണിൽ കൂടിയാണ്. മൂന്നുവർഷം മുൻപ് റെയിൽവേ മേൽപ്പാലം വന്നതോടുകൂടി കിഴക്ക് ഭാഗത്തുനിന്ന് ടൗണിലേക്കുള്ള വഴി അടഞ്ഞുപോയതാണ്.

നൂറുകണക്കിന് വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും അവരുടെ കുടുംബങ്ങളും കുഞ്ഞിപ്പള്ളി ടൗണിനെ ആശ്രയിച്ച് ജീവിക്കുന്നു. ഇത് ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ അതിശക്തമായ സമരത്തിലേക്ക് നീങ്ങാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്.

ടൗണിലെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും യോജിച്ചുകൊണ്ട് പതിനാലാം തീയതി ചൊവ്വാഴ്ച ടൗണിൽ ഹർത്താൽ ആചരിക്കുകയാണ്. എന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ മറ്റു സമരപരിപാടികൾ നടത്തുന്നതാണ്.

വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയും കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെയും സംയുക്ത യോഗത്തിൽ കെഎ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ എം ഷാജി, സമീർ മൊണാർക്ക്, അരുൺ ആരതി, അൻവർ ഹാജി, ചെറിയ കോയ തങ്ങൾ, മനോജൻ, അശോകൻ. എന്നിവർ സംസാരിച്ചു. ആരിഫ് നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ