വിനോദസഞ്ചാര വകുപ്പ് (ഡിടിപിസി) 1 കോടി രൂപ മുടക്കിയാണ് ഒളവിലം -കവിയൂർ ബണ്ട് റോഡിൽ സൗന്ദര്യവൽക്കരണം നടത്തിയത്.വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനായിരുന്നു പദ്ധതിക്ക് തുടക്കമിട്ടതും. ഇവിടെ എത്തുന്നവർക്ക് ഇരിക്കാനുള്ള ഇരിപ്പിടവും, ഷെൽട്ടറും,മൂന്നു കഫ്റ്റീരിയ അടക്കം പദ്ധതിയിൽ ഉൾപ്പെടുത്തുകയും, അവ നിർമ്മിക്കുകയും ചെയ്തിരുന്നു.സായാഹ്നങ്ങളിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി പല സ്ഥലങ്ങളിൽ നിന്നായി ആളുകൾ എത്തുന്നുമുണ്ട് ഇവിടെ. എന്നാൽ പാർക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമാണ്. പാർക്കിൻ്റെ പല ഭാഗങ്ങളും പുല്ലുകൾ നിറഞ്ഞു നിൽക്കുകയാണ്. അധികൃതരുടെ അനാസ്ഥ പാർക്കിൻ്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു.പാർക്കിൻ്റെ ഇരുഭാഗങ്ങളിലും വ്യത്യസ്തയിനം കണ്ടൽ കാടുകൾ നിറഞ്ഞതിനാൽ വിവിധ തരം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. പക്ഷി നിരീക്ഷണത്തിന് വളരെ സാധ്യതയുള്ള പ്രദേശമാണിതെന്ന് വിലയിരുത്തലുമുണ്ട്.കോടികൾ ചിലവാക്കി ഇത്തരം പാർക്കുകളും,മറ്റും നിർമിച്ചു ഉദ്ഘാടനം കഴിഞ്ഞാൽ പിന്നീട് അധികാരികളോ,ടൂറിസം വകുപ്പോ അവ സംരക്ഷിക്കാൻ വേണ്ട യാതൊരു നടപടിയും സ്വീകരിക്കാറില്ല എന്ന ആക്ഷേപത്തിന് ബലം വെയ്ക്കുകയാണ് ഒളവിലം – കവിയൂർ ബണ്ട്. മനോഹരമായി സൗന്ദര്യവൽക്കരണം നടത്തിയ ഈ പാർക്ക് ശുചീകരിക്കുവാനും സംരക്ഷിക്കാനും വേണ്ട നടപടികൾ വേണ്ടപ്പെട്ട അധികാരികൾ നടത്തണമെന്നും, ഈ പാർക്കിനെ ബന്ധിപ്പിക്കുന്ന കവിയൂർ ബണ്ടു റോഡ് ഗതാഗതയോഗ്യമാക്കാൻ സത്വര നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.