പുതുച്ചേരി സംസ്ഥാനത്തെ സ്കൂളുകളിൽ വിരമിച്ച അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നു. 17 വിഷയത്തിലായി 71 അധ്യാപകരെയാണ് മാഹി, യോനം, കാരയ്ക്കാൽ, പുതുച്ചേരി മേഖലകളിലായി നിയമിക്കുന്നത്. മാഹിയിൽ മാത്രം 15 പേരെ നിയമിക്കുന്നുണ്ട്. താൽക്കാലികമായി നിയമിക്കുന്നവർക്ക് മാസം 25,000 രൂപ ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ബിഎഡ് അടക്കം ഉയർന്ന യോഗ്യതയുളളവർ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് ബിജെപി-എൻആർ കോൺഗ്രസ് സർക്കാറിന്റെ വിവാദ നടപടി.
മാഹിയിലെ സ്കൂളുകളിൽ അധ്യാപകരുടെ സ്ഥിര നിയമനം നടന്നിട്ട് വർഷങ്ങളായി. ഒമ്പതു വർഷംമുമ്പ് ഏതാനും ഭാഷാധ്യാപകരെയാണ് ഒടുവിൽ നിയമിച്ചത്. ആറ് വർഷത്തിനുള്ളിൽ അറുപതിലേറെ അധ്യാപകർ പെൻഷൻ പറ്റിയിട്ടുണ്ട്. പകരം ആരെയും നിയമിച്ചില്ല. നിലവിലുള്ള വിദ്യാർഥികളുടെയും ഡിവിഷനുകളുടെയും എണ്ണം പരിഗണിച്ച് 47 അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്. അധ്യാപക നിയമനത്തിനായി പ്രക്ഷോഭം ശക്തിപ്പെ ടുമ്പോഴാണ് വിരമിച്ച അധ്യാപക രെ താൽക്കാലികമായി നിയമി ക്കാനുള്ള ഉത്തരവ്.
അധ്യാപക ഒഴിവുകൾ കണക്കാക്കി കേരളത്തിലെ സ്കൂളുകളിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെയാണ് വിദ്യാഭ്യാസ വകുപ്പ് നിയമിക്കുന്നത്. അതേ മാതൃകയിൽ യുവാക്ക ളിൽനിന്ന് അപേക്ഷ ക്ഷണിച്ചോ, അഭിമുഖം നടത്തിയോ അർഹരെ താൽക്കാലിക അധ്യാപകരായി നിയമിക്കാവുന്നതാണ്.