മാഹി: മയ്യഴിപ്പുഴയോരത്തെ മാലിന്യക്കൂമ്പാരം ജനങ്ങൾക്ക് ദുരിതമായി. ന്യൂമാഹി ടൌണിലെ പച്ചക്കറി മാർക്കറ്റിനും മത്സ്യ മാർക്കറ്റിനും ഇടയിലെ പുഴയോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് മാലിന്യം തള്ളുന്നത്. പച്ചക്കറി മാലിന്യങ്ങൾ, വാഴക്കൊലയുടെ തണ്ട്, പ്ലാസ്റ്റിക് കവറുകളിൽ മാലിന്യം നിറച്ച കെട്ടുകൾ, പ്ലാസ്റ്റിക് മാലിന്യം എന്നിവയാണ് കുന്നുകൂടിക്കിടക്കുന്നത്. ഇതിനോട് ചേർന്ന ആട്ടിറച്ചി വില്പനക്കടയിലെ മാലിന്യവും മലിനജലവും തള്ളുന്നതും പുഴയിലേക്ക് തന്നെ. ഹോട്ടലുകളിലെയും ലോഡ്ജിലെയും മറ്റും മലിന ജലപൈപ്പുകളേറെയും അവസാനിക്കുന്നതും മയ്യഴിപ്പുഴയിലേക്ക് തന്നെ. കക്കൂസ് മാലിന്യവും പുഴയിലേക്ക് തള്ളുന്നതായുള്ള പരാതിയുമുണ്ട്. സർവ്വ മാലിന്യങ്ങളും തള്ളുന്ന ഇടമായി മയ്യഴിപ്പുഴയെ എല്ലാവരും ഉപയോഗിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പരാതി പറഞ്ഞു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കാരണം കടലിലെ മത്സ്യ സമ്പത്ത് നശിക്കുകയാണ്. മീനിന് പകരം പ്ലാസ്റ്റിക് മാലിന്യമാണ് വലയിൽ കുടുങ്ങുന്നത്. അധികാരികൾ നടപടിയെടുക്കണമെന്ന് അഴീക്കലിലെ മത്സ്യത്തൊഴിലാളികളായ പി.സുന്ദരൻ, ടി.പി.മോഹനൻ തുടങ്ങിയവർ ആവശ്യപ്പെട്ടു. മാർക്കറ്റിലെ മത്സ്യ വില്പനക്കാരും മീൻ വാങ്ങാനെത്തുന്നവരും മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദുർഗ്ഗന്ധവും മലിനീകരണവും നിരന്തരം സഹിക്കുകയാണ്. ന്യൂമാഹി പഞ്ചായത്ത് – ആരോഗ്യ വകുപ്പ് അധികൃതർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും മാലിന്യം തള്ളുന്നതിനെതിരെ നടപടികളെടുക്കുന്നില്ലെന്നുമാണ് പരാതി. പെരിങ്ങാടി മമ്മി മുക്ക് മുതൽ മാഹിപാലം വരെയുള്ള ഭാഗത്തെ മിക്ക സ്ഥാപനങ്ങളുടെയും വീടുകളിലെയും മലിന ജലമെത്തുന്നതും പുഴയിലേക്ക് തന്നെ. നേരത്തെ മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ ഇത് സംബന്ധിച്ച് സർവെ നടത്തി പഞ്ചായത്ത് അധികൃതർക്ക് റിപ്പോർട്ട് നൽകുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചില നോട്ടീസ് നൽകലിനപ്പുറം അധികൃതരുടെ ഭാഗത്ത് നിന്നു നടപടികൾ ഉണ്ടായില്ല. സംരക്ഷണ സമിതി പ്രവർത്തകരുടെ സ്ക്വാഡ് പ്രവർത്തനത്തിൻ്റെ ഭാഗമായി മാലിന്യം തള്ളുന്നത് പിടികൂടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി നടപടിയെടുപ്പിക്കുകയുണ്ടായിട്ടുണ്ടെന്നും പുഴ സംരക്ഷിക്കാൻ ശക്തമായ നടപടി വേണമെന്നും ചെയർമാൻ വിജയൻ കൈനാടത്ത് ആവശ്യപ്പെട്ടു. ന്യൂമാഹി ടൗണിലെ പച്ചക്കറി, മത്സ്യ മാർക്കറ്റുകൾ ശുചിയായി സംരക്ഷിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് സാമൂഹിക മയ്യഴിയുടെയും മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെയും ഭാരവാഹി സി.കെ.രാജലക്ഷ്മി, രജീഷ് കാരായി എന്നിവർ സ്ഥലം സന്ദർശിച്ച ശേഷം അധികൃതരോടാവശ്യപ്പെട്ടു. പുഴയോരത്ത് മാലിന്യം കൂമ്പാര മിടുന്നതും കക്കൂസ് മാലിന്യമടക്കം മലിനജലം പുഴയിലേക്ക് തള്ളുന്നതും തടയണം. പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. സമീപത്തെ ഹോട്ടലിൻ്റെ കിണർ വൃത്തിഹീനമായ സാഹചര്യത്തിലാണുള്ളത്. ഇത് ശുചിയായി സൂക്ഷിക്കണം. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന വെള്ളം ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.