മാഹി പാലം അറ്റകുറ്റപ്പണി ഉടൻ

ന്യൂമാഹി : മാഹി പാലത്തിന്റെ അറ്റകുറ്റപ്പണിക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടനെ കേന്ദ്ര ദേശീയപാത വിഭാഗത്തിന് അയക്കും. അംഗീകാരം ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കും. മാഹി പാലത്തിന്റെ അടിഭാഗം തോണിയിൽ സഞ്ചരിച്ച് പരിശോധന നടത്തിയ ശേഷം പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ ടി പ്രശാന്ത് ആണ്‌ ഇക്കാര്യം അറിയിച്ചത്‌.
പാലത്തിന്റെ അടിഭാഗത്ത് കാര്യമായ കേടുപാടുകളൊന്നും കണ്ടെത്തിയിട്ടില്ല. മൂന്ന് വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ആ സ്ഥിതിക്ക് അടിയന്തര അറ്റകുറ്റപ്പണിക്കുള്ള സാഹചര്യമില്ല. പാലത്തിന്റെ മുകൾഭാഗം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഉപരിതലത്തിൽ നാലിടത്ത്‌ എക്സ്പാൻഷൻ ജോയിന്റുകൾ പൊട്ടിയിട്ടുണ്ട്. മേൽഭാഗത്തെ കേടുപാടുകൾ പരിഹരിക്കാൻ രണ്ടാഴ്ചയ്ക്കകം എസ്റ്റിമേറ്റ് തയ്യാറാക്കി നൽകും.

ആവശ്യമായ അറ്റകുറ്റപ്പണി നടത്തുന്നതിന് വേണ്ട ഫണ്ട് അനുവദിക്കാമെന്ന് കേന്ദ്ര ദേശീയപാതാ വിഭാഗം സമ്മതിച്ചിട്ടുണ്ട്. മാഹി പാലത്തിന് സമീപം എക്സൈസ് ചെക്പോസ്റ്റിന് മുൻഭാഗത്ത് റോഡ് ഉയർന്നും താഴ്ന്നുമിരിക്കുന്നത് കാരണമുള്ള അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതുതായി ടാറിടുമ്പോൾ അത് പരിഹരിക്കും.
നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കാൻ നേരത്തെ നൽകിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടില്ലെന്നും അസി. എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ സെയിത്തു, പഞ്ചായത്ത് അംഗങ്ങളായ എം കെ ലത, കെ മുഹമ്മദ് തമീം എന്നിവർ പാലം പരിശോധനാ സംഘത്തെ അനുഗമിച്ചു.

വളരെ പുതിയ വളരെ പഴയ