മാഹി : മാഹി നഗരമധ്യത്തിലെ വീട്ടിൽ വയോധികയെ ആക്രമിച്ച് പരിക്കേല്പിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നഷ്ടപ്പെട്ടത് മൊബൈൽ ഫോൺ മാത്രമാണെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രതിയുമായി എത്തിയ പോലീസ് സംഘം അധ്യാപികയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ വീട്ടിൽ പരിശോധന നടത്തി. കിടപ്പുമുറിയിലെ അലമാര വലിച്ചിട്ട നിലയിലായിരുന്നു.
ഇതിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വിലപിടിപ്പുള്ള ഐ ഫോൺ മാത്രമാണ് കവർന്നതെന്ന് കണ്ടെത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. മുണ്ടാക്ക് പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന റിട്ട. അധ്യാപിക മേരി റോക്കിക്ക് (75) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ തമിഴ്നാട് സേലം കള്ളക്കുറിച്ചി സ്വദേശിയെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്.
മേരി റോക്കി വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു. മക്കൾ സംസ്ഥാനത്ത് പുറത്ത് ജോലിചെയ്യുകയാണ്. പരിക്കേറ്റ മേരി രണ്ട് മണിക്കൂറോളം ബോധമില്ലാതെയും അവശയായും വീട്ടിൽ കിടന്നു. രക്തം വാർന്നൊഴുകിയിരുന്നു. തുടർന്ന് അവർ തന്നെയാണ് വീടിന് പുറത്തിറങ്ങി ആളുകളെ അറിയിച്ചത്.
ആക്രമിച്ച 16-കാരന്റെ മാതാപിതാക്കൾ മാഹിയിലും പരിസരപ്രദേശങ്ങളിലും കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്നവരാണ്. സ്കൂൾ അവധിക്കാലത്ത് കുട്ടി മാതാപിതാക്കളുടെ താമസസ്ഥലമായ മാഹിയിൽ എത്തിയതായിരുന്നു. വീട്ടിൽ നിരീക്ഷണ ക്യാമറയുള്ളതിനാലാണ് ഉടനെ പിടികൂടാനായത്. മാഹി സർക്കിൾ ഇൻസ്പെക്ടർ എം.ഡി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനിടയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച പുതുച്ചേരി ജുവനൈൽകോടതിയിൽ ഹാജരാക്കുമെന്ന് മാഹി പോലീസ് അറിയിച്ചു.
മാഹി എസ്.ഐ. രാധാകൃഷ്ണൻ, എ.എസ്.ഐ.മാരായ കിഷോർ കുമാർ, സുനിൽ കുമാർ, പ്രസാദ്, സതീശൻ, ഹെഡ് കോൺസ്റ്റബിൾമാരായ ശ്രീജേഷ്, വിജയകു മാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മാഹി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപികയെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ഇവർ സുഖം പ്രാപിച്ചുവരുന്നു.