മയ്യഴി: നാടിൻ്റെ ജനകീയ പ്രശ്നങ്ങൾ അധികാരികളിലെത്തിച്ച് പരിഹാരത്തിന് ശ്രമിച്ചിരുന്ന ആംഗ്രിയങ്ങ് മെൻ എന്നറിയപ്പെട്ടിരുന്ന എ.കെ.മഹമ്മൂദ് വിടവാങ്ങി. പരാതികളിലൂടെയും നിവേദനങ്ങളിലൂടെ നാടിന്റെ പ്രശ്‌നങ്ങൾ അധികാര കേന്ദ്രങ്ങളിലറിയിച്ചിരുന്ന ആനാറ്റുകണ്ടിയിൽ വീട്ടിൽ എ കെ മഹമ്മൂദ് നാട്ടുകാരുടെ പ്രതീക്ഷയായിരുന്നു. മൂന്ന് പതിറ്റാണ്ടിനിടയിൽ ആയിരകണക്കിന് പരാതികൾ ഭരണകൂടത്തിന്റെ ശ്രദ്ധയിലെത്തിച്ച പൊതുപ്രവർത്തകനാണ് ഈസ്‌റ്റ്‌പള്ളൂരിൽ അന്തരിച്ച മഹമ്മൂദ്. രാഷ്‌ട്രപതി മുതൽ കലക്‌ടർ വരെ ഇദ്ദേഹത്തിന്റെ പരാതി ലഭിക്കാത്ത ഭരണാധികാരികൾ കുറയും. തീരുമാനമാകും വരെ നിരന്തരമായി പരാതി അയക്കുന്നതായിരുന്നു മഹമ്മൂദിന്റെ ശീലം. അതിന് എത്ര പണം ചെലവഴിക്കാനും ഒരു മടിയുമുണ്ടായില്ല. മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, പ്രവാസി, ഹോട്ടൽ റിസപ്‌ഷനിസ്‌റ്റ്, പാഴ്‌സൽ സർവീസ് ജീവനക്കാരൻ തുടങ്ങി ജീവിത വേഷങ്ങൾ പലതായിരുന്നെങ്കിലും പരാതി അയക്കുക എന്നത് മഹമ്മൂദിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നിവേദനങ്ങളിലൂടെ പലതും നേടിയെടുക്കാനും സാധിച്ചു. കാരയ്‌ക്കൽ ട്രെയിനിന് കേന്ദ്ര റെയിൽവെ മന്ത്രിക്കുള്ള നിവേദനമായിരുന്നു ഒടുവിലത്തേത്. മുംബൈ, കോഴിക്കോട് വിമാനത്താവളങ്ങളിൽ പ്രവാസികൾ നേരിടുന്ന ചൂഷണത്തിന് എതിരെ നിരന്തര ശബ്ദമുയർത്തിയ ആദ്യകാല പ്രവാസി കൂടിയാണ്. മുപ്പത് വർഷം ആംഗ്രി യങ്മെൻ ഓഫ് ഇന്ത്യ സെക്രട്ടറിയായിരുന്നു. ഈസ്‌റ്റ്‌പള്ളൂർ കേന്ദ്രമായുള്ള സമത സാംസ്‌കാരിക വേദി ഭാരവാഹിയായും പ്രവർത്തിച്ചു. സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു. പൊതുതാൽപര്യ ഹർജികളുമായി സുപ്രിംകോടതിയിലും ഹൈക്കോടതിയിലും എത്തിയ സന്ദർഭങ്ങളുമുണ്ട്.
എണ്ണമറ്റ നിവേദനങ്ങളുടെ വലിയൊരു ഫയൽ മാത്രമായിരുന്നു മഹമ്മൂദിന്റെ ജീവിതസമ്പാദ്യം.
മലബാറിലേക്ക് കാരക്കലിൽ നിന്നും യാത്രാ വണ്ടി എത്തിക്കാൻ സഹായം തേടി തമിഴ്നാട്ടിലേക്ക് അധികൃതരെ കാണാൻ പോയ മഹമ്മൂദ് കോവിഡ് കാലത്ത് തിരികെ വരാൻ തീവണ്ടി കിട്ടാതെ മാസങ്ങളോളം നാഗൂരിൽ അകപ്പെട്ടു പോയത് അധികമാരും അറിഞ്ഞിരുന്നില്ല.
#tag:
Mahe