അഴിയൂർ:അഴിയൂരിൽ പതിമൂന്നുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മയക്കുമരുന്ന് ക്യാരിയറായി ചിത്രീകരിച്ച് സംപ്രേഷണം ചെയ്‌ത വാർത്തയുടെ വീഡിയോ ക്ലിപ്പിങ്ങുകൾ ഹാജരാക്കാൻ ഏഷ്യാനെറ്റ് ന്യൂസിന് പൊലീസ് നോട്ടീസ് നൽകി. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ്, റിപ്പോർട്ടർ, തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ഹെഡ് ഓഫീസ് അധികൃതർ എന്നിവർക്കാണ് വടകര ഡിവൈഎസ്‌പി ആർ ഹരിപ്രസാദ് വ്യാഴാഴ്‌ച നോട്ടീസ് നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം നിർമിച്ച കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ഏഷ്യാനെറ്റിന് മറ്റൊരു കേസിൽ നോട്ടീസ് ലഭിച്ചത്. വീഡിയോ 48 മണിക്കൂറിനകം ഹാജരാക്കാനാണ് നിർദേശം. വെള്ളിയാഴ്‌ചവരെ ഏഷ്യാനെറ്റ് മറുപടി നൽകിയിട്ടില്ല. അഴിയൂരിലെ സ്‌കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന് സംഘം ക്യാരിയറാക്കിയെന്നായിരുന്നു വാർത്ത.