അഴിയൂർ : മഹാരാഷ്ട്രയിലെ പൂനെ ബെലവാടി ഏഷ്യൻ ഗെയിംസ് സ്റ്റേഡിയത്തിൽ നടന്ന വേൾഡ് തയ്‌ക്വൊണ്ടോ ജി-1 ഇന്റർനാഷണൽ ഓപ്പൺ തയ്‌ക്വൊണ്ടോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടി മലയാളി താരങ്ങൾ. ഗ്രൂപ്പ് കാറ്റഗറിയിൽ അഴിയൂർ മാസ്റ്റർ ഫഹദ് തയ്‌ക്വൊണ്ടോ അക്കാദമിയിലെ വിദ്യാർത്ഥികളാണ് രാജ്യത്തിന് അഭിമാനമായ ഈ നേട്ടം സ്വന്തമാക്കിയത്.
അണ്ടർ 30 പൂംസേ വിഭാഗത്തിലാണ് അക്കാദമി താരങ്ങൾ ഒന്നാമതെത്തിയത്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ വിദ്യാർത്ഥി അഹ്യാൻ ഷാനവാസ്, കൈനാട്ടി റാണി പബ്ലിക് സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സൈദ്, കുറ്റ്യാടി ഐഡിയൽ ആർട്സ് കോളേജ് വിദ്യാർത്ഥി അബ്ദുൽ ആസിം ഉമർ എന്നിവരടങ്ങുന്ന ടീമാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.
അന്താരാഷ്ട്ര തലത്തിൽ നിരവധി താരങ്ങൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമാണ് കേരളത്തിൽ നിന്നുള്ള ഈ മൂവർ സംഘം കാഴ്ചവെച്ചത്.

