മാഹി: പള്ളൂർ ആശുപത്രിയിലെ വനിതാ വാർഡിലുള്ള ശുചിമുറിയുടെ ശോച്യാവസ്ഥ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. മാഹി പള്ളൂരിലെ ഓട്ടോ തൊഴിലാളിയായ പറമ്പത്ത് ബിജുവിനെയാണ് പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം 80 വയസ്സുള്ള ബിജുവിന്റെ മാതാവിനെ ചികിത്സയ്ക്കായി പള്ളൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ ശുചിമുറിയിൽ വെളിച്ചമില്ലാത്തതും ശോച്യാവസ്ഥയിലുള്ളതുമായ കാര്യം ബിജു ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് ഇയാൾ ശുചിമുറിയുടെ അവസ്ഥ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പങ്കുവെച്ചത്.
അതേസമയം, ജനകീയ പ്രശ്നം ചൂണ്ടിക്കാട്ടിയ യുവാവിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. പ്രതിഷേധസൂചകമായി കോൺഗ്രസ് പ്രവർത്തകർ പള്ളൂർ പോലീസ് സ്റ്റേഷന് മുന്നിൽ റോഡ് ഉപരോധിച്ചു.
