മാഹി: ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി മാഹി മത്സ്യബന്ധന-മത്സ്യത്തൊഴിലാളി ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ദിനാചരണ പരിപാടി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇ.പി. ശിവകുമാർ സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. ആംബുലൻസുകളുടെ ജീവൻരക്ഷാ യാത്രകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്നതിനുള്ള ശാസ്ത്രീയ ആശയം യാഥാർത്ഥ്യമാക്കിയ മുഹമ്മദ് അജ്മൽ, മാഹി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് പ്രസിഡന്റ് വി. രതീശൻ, പ്രിയദർശിനി ഫിഷർവുമൺ സൊസൈറ്റി പ്രസിഡന്റ് പി. ആശാലത എന്നിവർക്കാണ് ആദരവ് നൽകിയത്.
ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, മത്സ്യത്തൊഴിലാളികൾക്കുള്ള ഐസ് ബോക്സ് വിതരണവും ചടങ്ങിൽ നടന്നു. മത്സ്യബന്ധന വകുപ്പ് സബ് ഇൻസ്പെക്ടർ എം. രജീഷ് നന്ദി രേഖപ്പെടുത്തി. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.
