മാഹി: അധ്യാപകരുടെ പ്രമോഷൻ നടപടികൾ വേഗത്തിലാക്കണമെന്ന് ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജി.ടി.ഒ) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ. രാധാകൃഷ്ണൻ മാസ്റ്റർ നഗറിൽ നടന്ന വാർഷിക സമ്മേളനവും വിരമിച്ച അധ്യാപകരെ ആദരിക്കൽ ചടങ്ങും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി. ഷൈജിത്ത് അധ്യക്ഷത വഹിച്ചു.
വിവിധ തസ്തികകളിൽ ടെറ്റ് (TET) യോഗ്യതയുടെ പേരിൽ ഒരു വർഷക്കാലമായി നിർത്തിവെച്ചിരിക്കുന്ന അധ്യാപകരുടെ പ്രമോഷൻ ഉടൻ നൽകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. മാഹിയിൽ ഭൂരിപക്ഷം അധ്യാപകരും ടെറ്റ് യോഗ്യത നേടിയിട്ടും പ്രമോഷൻ നൽകാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി തികഞ്ഞ അനീതിയാണെന്ന് ജി.ടി.ഒ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ വിരമിച്ച അധ്യാപകരായ പി. സീതാലക്ഷ്മി, എം.കെ. പ്രീത എന്നിവരെ ആദരിച്ചു. ആന്റണി മാത്യൂ, പി. ആനന്ദ്, കെ. ഹരീന്ദ്രൻ, ജെയിംസ് സി. ജോസഫ്, കെ. പ്രശോഭ്, പി.കെ. രാജേന്ദ്രകുമാർ, വി.എം. സജില തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വി.കെ. ഷമീന (പ്രസിഡന്റ്), അനിത കെ.പി, ഉമ വി.കെ (വൈസ് പ്രസിഡന്റുമാർ), സജില വി.എം (ജനറൽ സെക്രട്ടറി), സജിന വി.കെ, അനുഷ കെ. (ജോയിന്റ് സെക്രട്ടറിമാർ), സ്വപ്ന കെ.എം (ട്രഷറർ) എന്നിവരെ ഐകകണ്ഠേന തിരഞ്ഞെടുത്തു.

