പുതുച്ചേരി: കേന്ദ്രഭരണ പ്രദേശത്തെ 30 നിയമസഭാ മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പാക്കിവരുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി മല്ലാടി കൃഷ്ണറാവുവിന്റെ അധ്യക്ഷതയിൽ എം.എൽ.എമാരുടെ ഉന്നതതല അവലോകന യോഗം ചേർന്നു. സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ സ്പീക്കർ, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിലവിലെ സ്ഥിതിയാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. ഇതിനുപുറമെ, നബാർഡ് (NABARD) പദ്ധതിക്ക് കീഴിൽ എം.എൽ.എമാരുടെ ആവശ്യപ്രകാരം ഏറ്റെടുത്തിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും നിർവഹണവും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
ഓരോ മണ്ഡലത്തിലെയും വികസന ആവശ്യങ്ങൾ, പദ്ധതികളുടെ അടിയന്തര പ്രാധാന്യം, നടപ്പാക്കേണ്ട മുൻഗണനാക്രമം എന്നിവയും യോഗം പരിഗണിച്ചു. കുടിവെള്ളം, റോഡ് സൗകര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉൾപ്പെടെ ഓരോ മണ്ഡലത്തിലും അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രധാന വികസന പ്രവർത്തനങ്ങളെക്കുറിച്ച് എം.എൽ.എമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നാലര മണിക്കൂറിലധികം നീണ്ട ചർച്ചയിൽ വികസന പദ്ധതികൾ വേഗത്തിലാക്കുന്നതിനുള്ള തുടർനടപടികൾക്ക് രൂപം നൽകി.
