മാഹി: ഏഴാമത് പുതുച്ചേരി സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയം കൈവരിച്ച പള്ളൂർ സി.വി.എം. കളരി സംഘത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ കളരി ഗുരുക്കൾ കെ.സി. ശശികുമാർ അധ്യക്ഷത വഹിച്ചു. കളരി സംഘം രക്ഷാധികാരി രാഘവൻ വലിയപറമ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മത്സരത്തിൽ പങ്കെടുത്ത 52 ഇനങ്ങളിൽ 32 ഇനങ്ങളിലും മെഡലുകൾ വാരിരൂട്ടിയ സി.വി.എം. കളരി സംഘത്തിലെ 18 വിദ്യാർത്ഥികൾ ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. മെയ്പ്പയറ്റ്, തെക്കൻ ചുവടുകൾ, ചവിട്ടിപ്പൊങ്ങൽ, നെടുവടിപ്പയറ്റ്, കുറുവടിപ്പയറ്റ്, ഉറുമിവീശൽ തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
ചടങ്ങിൽ സംഘം പ്രസിഡന്റും ഇൻസ്ട്രക്ടറുമായ ജിതേഷ്, സെക്രട്ടറി ശരത് മാഹി, ജോയിന്റ് സെക്രട്ടറി വിപിൻ കെ. പാറാൽ തുടങ്ങിയവർ സംസാരിച്ചു.
