മാഹി: മംഗളൂരിൽ നിന്ന് മാഹി വഴി പുതുച്ചേരിയിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്ന ട്രെയിൻ ആഴ്ചയിൽ മൂന്ന് ദിവസമാക്കണമെന്നും സമയക്രമത്തിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർക്ക് നിവേദനം നൽകി. സ്വതന്ത്ര ട്രേഡ് യൂണിയൻ (എസ്.ടി.യു) ദേശീയ വൈസ് പ്രസിഡന്റ് പി. യൂസഫാണ് നിവേദനം സമർപ്പിച്ചത്.
നിലവിലുള്ള ട്രെയിൻ രാവിലെ എട്ട് മണിക്ക് മുമ്പായി പുതുച്ചേരിയിൽ എത്തിച്ചേരുന്ന രീതിയിൽ സമയം പുനഃക്രമീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. രാവിലെ എട്ട് മണിക്ക് മുമ്പ് ട്രെയിൻ പുതുച്ചേരിയിലെത്തുകയാണെങ്കിൽ ജിപ്മർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അത് ഏറെ ഉപകാരപ്പെടും.
പ്രസ്തുത റൂട്ടിൽ യാത്രാതിരക്ക് കൂടുതലായതിനാൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും സർവീസ് നടത്തുന്നത് യാത്രക്കാരുടെ ദുരിതത്തിന് വലിയ ആശ്വാസമാകുമെന്നും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
