ജീവിച്ചിരിക്കുമ്പോൾ അർഹർക്ക് അംഗീകാരം നൽകണം: വി.ആർ. സുധീഷ്; ന്യൂമാഹിയിൽ പുരസ്‌കാര ജേതാക്കളെ ആദരിച്ചു.


ന്യൂമാഹി: അർഹതപ്പെട്ടവർക്കുള്ള അംഗീകാരവും ആദരവും അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ നൽകാൻ സാധിക്കണമെന്നും, എന്നാൽ ഇന്നത്തെ കാലത്ത് അനർഹരായ ആളുകളാണ് കൊണ്ടാടപ്പെടുന്നതെന്നും പ്രമുഖ സാഹിത്യകാരൻ വി.ആർ. സുധീഷ് പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ വേണ്ട അംഗീകാരം നൽകാതെ മരണാനന്തരം ആളുകളെ മഹാന്മാരാക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂമാഹി സഹൃദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നന്മമരം സംസ്ഥാന പരിസ്ഥിതി പുരസ്‌കാര ജേതാവ് സി.വി. രാജൻ പെരിങ്ങാടിക്കും ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാര ജേതാവ് സോമൻ മാഹിക്കും നൽകിയ ആദരവ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി അഡ്വ. ടി. അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഡിജിറ്റൽ വായന മതിയെന്ന ധാരണ തെറ്റാണെന്നും കുട്ടികളെ അച്ചടി വായനയിലേക്ക് മടക്കിക്കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു.

ചടങ്ങിൽ സഹൃദയ സാംസ്കാരിക വേദി പ്രസിഡന്റ് പി.കെ.വി. സാലിഹ് അധ്യക്ഷത വഹിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടന്ന 'രക്ഷിതാക്കൾ അറിയാൻ' എന്ന വിഷയത്തിലെ സെമിനാറിൽ അധ്യാപക അവാർഡ് ജേതാവ് പ്രദീപ് കിനാത്തി പ്രഭാഷണം നടത്തി. അച്ചടി വായന പ്രോത്സാഹിപ്പിക്കുന്നതിനായി എൽ.പി, യു.പി വിഭാഗങ്ങളിലായി സംഘടിപ്പിച്ച വായനാ മത്സരങ്ങളിലെ ഇരുനൂറോളം വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

എൻ.വി. അജയകുമാർ ആദരഭാഷണം നടത്തി. മാഹി സി.ഇ.ഒ ഇൻചാർജ് എം.എം. തനൂജ, പ്രദീപ് കൂവ, സി.വി. രാജൻ പെരിങ്ങാടി, എം.എ. കൃഷ്ണൻ, സോമൻ മാഹി, ഷാജി കൊള്ളുമ്മൽ, സി.കെ. രാജലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ