പള്ളൂരിൽ പെരുമ്പാമ്പ് ഭീതി: കാട്ടുപൂച്ചയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

 


പള്ളൂർ: അറവിലകത്തു പാലം, പള്ളൂർ വയൽ പ്രദേശങ്ങളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമായതോടെ നാട്ടുകാർ വലിയ ഭീതിയിൽ. ചൊവ്വാഴ്ച രാവിലെ അറവിലക്കത്തുപാലം മണ്ടോത്ത് മീത്തൽ പ്രദേശത്തുനിന്നാണ് കാട്ടുപൂച്ചയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി പിടികൂടിയത്.

തണ്ണീർത്തടങ്ങളും കാടുകയറിയ പറമ്പുകളും ധാരാളമുള്ള പ്രദേശമായതിനാൽ ഇരതേടിയാണ് പെരുമ്പാമ്പുകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് സംശയിക്കുന്നത്. ഇവയുടെ തുടർച്ചയായ സാന്നിധ്യം നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട്.

പെരുമ്പാമ്പിനെ കണ്ടാൽ ജനങ്ങൾ സ്വയം പിടികൂടാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിഷമില്ലാത്ത പാമ്പാണെങ്കിലും ശക്തമായി കടിക്കാനും വരിഞ്ഞുമുറുക്കാനും ഇവയ്ക്ക് കഴിയും. വലിയ ഇരയെ വിഴുങ്ങിയ സമയത്ത് ചലനശേഷി കുറവായിരിക്കുമെങ്കിലും ഭീഷണി നേരിട്ടാൽ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ഇവയെ സമീപിക്കുന്നത് അപകടകരമാണ്.

പാമ്പിനെ കണ്ടാൽ ഉടൻ തന്നെ വനപാലകരെയോ അംഗീകൃത പാമ്പുപിടിത്തക്കാരെയോ വിവരമറിയിക്കണമെന്നും വളർത്തുമൃഗങ്ങളെ രാത്രികാലങ്ങളിൽ സുരക്ഷിതമായ കൂടുകളിൽ സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. വീട്ടുപറമ്പുകളിലെ കാടുകൾ വെട്ടിത്തെളിച്ച് എലി ഉൾപ്പെടെയുള്ള ഇരജീവികളുടെ സാന്നിധ്യം കുറയ്ക്കണമെന്നും നിർദേശമുണ്ട്.

വളരെ പുതിയ വളരെ പഴയ