മയ്യഴി: തിരുവോണം പ്രമാണിച്ച് മാഹിയിൽ 10 കിലോഗ്രാം അരി മറ്റു ആനുകൂല്യങ്ങളോടൊപ്പം അധികമായി നൽകിക്കൊണ്ട് ഡിസംബർ മാസത്തെ റേഷനരി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് അഡ്വ. ടി. അശോക് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു. 2025 ഡിസംബർ മാസത്തെ 10 കിലോ അരിയുൾപ്പെടെ ആകെ 20 കിലോ വിതരണം ചെയ്ത് വിഷയം അടിയന്തരമായി പരിഹരിക്കാനുള്ള നിർദ്ദേശം സർക്കാരിന് മുന്നിൽ സമർപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.
തന്റെ ആവശ്യം പരിഗണിച്ചാണ് ഡിസംബർ, 2026 ജനുവരി മാസങ്ങളിലെ അരി ഒരുമിച്ച് നൽകാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചതെന്ന് എം.എൽ.എ അറിയിച്ചു. ഇതിൻ പ്രകാരം വിതരണക്കാർ 10 കിലോ വീതം രണ്ട് ബാഗുകളിലാക്കുന്നതിന് പകരം, രണ്ടു മാസത്തെ വിഹിതമായ 20 കിലോഗ്രാം അരി ഒറ്റ ബാഗിലാക്കി മാഹിയിലേക്ക് അയക്കുകയായിരുന്നു.
എന്നാൽ, ജനുവരി മുതൽ മേയ് വരെയുള്ള അരിയുടെ വിഹിതം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന ഡി.ബി.ടി (Direct Benefit Transfer) രീതി നടപ്പിലാക്കാൻ സർക്കാർ പിന്നീട് തീരുമാനിച്ചു. ഇതോടെ ഡിസംബർ മാസത്തെ 10 കിലോഗ്രാം അരി മാത്രം വിതരണം ചെയ്താൽ മതിയെന്ന ധാരണയിലായി.
പക്ഷേ, ആശയവിനിമയത്തിലുണ്ടായ കാലതാമസം കാരണം 20 കിലോഗ്രാം അടങ്ങിയ ബാഗുകൾ മാഹിയിൽ എത്തിക്കഴിഞ്ഞിരുന്നു. ഒറ്റ ബാഗിലായതിനാൽ 10 കിലോ മാത്രം വിതരണം ചെയ്ത് ബാക്കി തിരികെ അയക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ചാക്ക് പൊട്ടിച്ച് 10 കിലോ വീതം പ്രത്യേകം ബാഗുകളിലാക്കാനോ തൂക്കി നൽകാനോ ഉള്ള സൗകര്യം മാഹിയിലെ വിതരണക്കാർക്കില്ല. കുറഞ്ഞ കമ്മീഷനിൽ പ്രവർത്തിക്കുന്ന റേഷൻ വ്യാപാരികളെ അതിനായി നിർബന്ധിക്കാൻ സാധിക്കില്ലെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
ഈ സാങ്കേതിക തടസ്സം മറികടക്കാൻ തിരുവോണം സ്പെഷ്യലായി 10 കിലോ അരി കൂടി ചേർത്ത് മുഴുവൻ അരിയും വിതരണം ചെയ്യുകയാണ് പ്രായോഗികമായ പോംവഴിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
