മുപ്പത്തിരണ്ട് വർഷമായി തുടരുന്ന വെള്ളക്കെട്ട്: അഴിയൂരിൽ പത്തോളം കുടുംബങ്ങൾ ദുരിതത്തിൽ.

അഴിയൂർ: അഴിയൂർ പഞ്ചായത്ത് ഓഫീസിന് ഇരുന്നൂറ് മീറ്റർ മാത്രം അകലെയുള്ള മരുന്നറക്കൽ പ്രദേശത്തെ പത്തോളം കുടുംബങ്ങൾ കഴിഞ്ഞ മുപ്പത്തിരണ്ട് വർഷമായി കടുത്ത വെള്ളക്കെട്ട് ഭീഷണിയിൽ. കൃത്യമായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്.

മഴക്കാലത്ത് പ്രദേശത്തെ ഒരേക്കറോളം വരുന്ന താഴ്ന്ന ഭൂമിയിൽ വെള്ളം കെട്ടിക്കിടന്ന് പായൽ പിടിച്ച അവസ്ഥയിലാണ്. മഴ കനക്കുന്നതോടെ ഈ വെള്ളം കരകവിഞ്ഞൊഴുകി സമീപത്തെ വീടുകളിലേക്ക് എത്തുന്നു. മുപ്പത്തിരണ്ട് വർഷം മുമ്പ് വരെ ഈ വെള്ളം അടുത്ത പറമ്പിലൂടെ ഒഴുകി പഞ്ചായത്ത് തോടുവഴി കടലിലേക്ക് പോയിരുന്നു. എന്നാൽ അടുത്ത പറമ്പിന്റെ ഉടമ വെള്ളം ഒഴുകാൻ വഴിയില്ലാതെ മതിൽ കെട്ടിയതോടെയാണ് സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും വെള്ളം കയറിത്തുടങ്ങിയത്.

മരുന്നറക്കൽ കൗസു, കമല, സുശീല, കുളമുള്ള പറമ്പത്ത് ബാബുരാജ്, രേണുക, സദാനന്ദൻ, ജബ്ബാർ, മാധവി, നിമേഷ് എന്നിവരുടെ വീടുകളിലാണ് വെള്ളക്കെട്ട് കടുത്ത പ്രയാസം സൃഷ്ടിക്കുന്നത്. കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിയെത്തി പ്രദേശത്തെ കിണറുകളിലെ ശുദ്ധജലം ഉപയോഗശൂന്യമായി. കൊതുകുകളും ഇഴജന്തുക്കളും പെരുകിയതോടെ കിടപ്പുരോഗികളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ വലിയ ദുരിതത്തിലാണ് കഴിയുന്നത്.

പ്രശ്നപരിഹാരത്തിനായി വർഷങ്ങളായി പഞ്ചായത്ത്, വില്ലേജ് ഓഫീസ്, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. അടിയന്തര പരിഹാരത്തിനായി പഞ്ചായത്ത് സെക്രട്ടറി സ്ഥലം ഉടമയെ വിളിച്ചെങ്കിലും നിലവിലുള്ള പഞ്ചായത്ത് ഡ്രൈനേജിലേക്ക് വെള്ളം ഒഴുക്കിവിടാൻ ആഴത്തിൽ കുഴിയെടുക്കേണ്ടി വരുമെന്ന കാരണത്താൽ സ്ഥലം വിട്ടുനൽകില്ലെന്ന നിലപാടിലാണ് ഉടമ.

വർഷങ്ങളായുള്ള ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനായി കുടുംബങ്ങളും വാർഡ് അംഗം സാജിദ് നെല്ലോളി, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന കല്ലേരി, നാട്ടുകാർ എന്നിവരും ചേർന്ന് പഞ്ചായത്ത്, വില്ലേജ്, ആർഡിഒ, ജില്ലാ കളക്ടർ, എംഎൽഎ എന്നിവരെ വീണ്ടും സമീപിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ