മയ്യഴി : പൊതുമരാമത്ത് വകുപ്പിലെ മുൻ എക്സിക്യൂട്ടീവ് എൻജിനീയറും ബഹുമുഖ പ്രതിഭയുമായിരുന്ന പരേതനായ എൻജിനിയർ പി.വി. അനൂപിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻജിനീയർ പി.വി. അനൂപ് സ്മാരക എൻഡോവ്മെന്റും ക്യാഷ് അവാർഡും പുന്നോൽ കുറിച്ചിയിലെ എ. അമയയ്ക്ക് ലഭിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന മയ്യഴി മേഖലയിലെ സർക്കാർ സ്കൂൾ വിദ്യാർഥിക്ക് വർഷാവർഷം നൽകുന്നതാണ് ഈ എൻഡോവ്മെൻ്റ്.
അമയ മാഹി ജെ.എൻ.ജി.എച്ച്.എസ്. സ്കൂൾ വിദ്യാർഥിയായിരുന്നു. നിഷയുടെയും സതീശൻ്റെയും മകളാണ്.
പായറ്റ ദേവസ്ഥാനത്തിനടുത്ത അമയയുടെ തിരുവോണം വീട്ടിൽ നടന്ന ചടങ്ങിൽ അഡ്വ. ടി. അശോക് കുമാർ എം.എൽ.എ എൻഡോവ്മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.
ഒ. പ്രദീപ് കുമാർ, സത്യൻ കേളോത്ത്, വിജയൻ, പത്മനാഭൻ മലോൾ, ചെമ്മേരി ജയരാജ് എന്നിവർക്കൊപ്പം നിലവിലെ പൊതുമരാമത്ത് എൻജിനീയർമാരായ ബെന്നി ലാസർ, എം. ദിനേഷ് കുമാർ, പ്രജില ദിനേഷ് എന്നിവരും പങ്കെടുത്തു.
അനൂപിന്റെ മകൻ ആർഷവ്, മറ്റ് ബന്ധുക്കൾ സുജി, സുശാന്ത്, മറ്റ് ബന്ധുമിത്രാദികൾ, സഹപ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചരമ ദിനത്തിൽ നടന്ന അനുസ്മരണത്തിൻ്റെ ഭാഗമായി അനൂപിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.
