ന്യൂമാഹി ടൗൺ പോലീസ് എയ്‌ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

 


ന്യൂമാഹി: കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന ന്യൂമാഹി ടൗണിലെ പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അഭ്യന്തരമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകി. എയ്ഡ് പോസ്റ്റിന്റെ അഭാവം പ്രദേശവാസികളിലും യാത്രക്കാരിലും വലിയ സുരക്ഷാ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലാ അതിർത്തി പ്രദേശവും കേന്ദ്ര ഭരണ പ്രദേശമായ മാഹിയോട് ചേർന്ന് കിടക്കുന്നതുമായ ന്യൂമാഹി ടൗൺ വളരെ തിരക്കേറിയ ഒന്നാണ്. ദേശീയപാതയിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും ആളുകളുമാണ് കടന്നുപോകുന്നത്. മാഹിയിൽ നിന്നെത്തുന്ന മദ്യപരുടെ ശല്യവും ഗതാഗത കുരുക്കും യാത്രികർക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. പോലീസ് സാന്നിധ്യമില്ലാത്തതിനാൽ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും രാത്രികാലങ്ങളിലെ നിയമലംഘനങ്ങളും വർദ്ധിച്ചു വരികയാണ്.

നിലവിൽ കിലോമീറ്ററുകൾക്കപ്പുറം പാറാലിൽ സ്ഥിതി ചെയ്യുന്ന ന്യൂമാഹി പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് സംഭവസ്ഥലത്തേക്ക് എത്താൻ സമയതാമസം നേരിടുന്നുണ്ട്. ഇത് ക്രമസമാധാന പരിപാലനത്തെ ബാധിക്കുന്നു. അതിനാൽ ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെയും നാലോ അഞ്ചോ പോലീസ് ഉദ്യോഗസ്ഥരുടെയും സേവനത്തോടെ എയ്‌ഡ്‌ പോസ്റ്റ് പുനഃസ്ഥാപിച്ച് 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ പോലീസ് സൂപ്രണ്ട്, തലശ്ശേരി എ.സി.പി, ന്യൂമാഹി സ്റ്റേഷൻ ഓഫീസർ എന്നിവർക്കും ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഷാനു പുന്നോൽ നിവേദനം അയച്ചു.



വളരെ പുതിയ വളരെ പഴയ