ആസ്‌ത്രേലിയയിൽ തിളങ്ങി മയ്യഴി സാരി; പ്രകൃതിഭംഗി പട്ടുസാരിയിൽ നെയ്തെടുത്ത് സബിത കിഷോർ

 


മാഹി: മയ്യഴിയുടെ മനോഹരമായ പ്രകൃതിഭംഗിയും ഓർമ്മകളും പട്ടുസാരിയിൽ ആലേഖനം ചെയ്ത് പ്രവാസി മലയാളി ശ്രദ്ധേയയാകുന്നു. വർഷങ്ങളായി ആസ്‌ത്രേലിയയിലെ മെൽബണിൽ താമസിക്കുന്ന മയ്യഴി സ്വദേശിനി സബിത കിഷോറാണ് തന്റെ സപ്തതി ആഘോഷ വേളയിൽ ഈ അപൂർവ്വ സാരി ധരിച്ച് വേറിട്ട ഉപഹാരമൊരുക്കിയത്.

തന്റെ കുട്ടിക്കാല ഓർമ്മകളെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന മാഹി പാലമാണ് സാരിയുടെ കരകളിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. മുന്താണിയിൽ മയ്യഴിപ്പുഴയുടെ നടപ്പാതയും പരമ്പരാഗത വള്ളങ്ങളും, സാരിയുടെ ബാക്കി ഭാഗങ്ങളിൽ മാഹിയുടെ ഹരിതാഭമായ പ്രകൃതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ എഴുപതാം പിറന്നാളിന്റെ ഓർമ്മയ്ക്കായി 70 എന്ന അക്കവും സാരിയിൽ നെയ്തുചേർത്തിട്ടുണ്ട്. പട്ടിൽ നെയ്തെടുത്ത എന്റെ വേരുകൾ എന്ന സബിതയുടെ ആശയം സാരിയിലേക്ക് പകർത്തിയത് ശീമാട്ടിയിലെ ചീഫ് ഡിസൈനർ ജോബിനാണ്.

മയ്യഴി വിമോചന സമര പോരാളിയായിരുന്ന അമ്മാഞ്ചേരി ഭാസ്കരൻ മാസ്റ്ററുടെ മകളാണ് സബിത. ഭർത്താവ് തലശ്ശേരി സ്വദേശി നന്ദ കിഷോർ, മകൻ ബിജു കിഷോർ, മരുമകൾ ശ്രീ ചിത്ര, ചെറുമകൾ അമാനി എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം മെൽബണിലാണ് സബിത ഇപ്പോൾ സ്ഥിരതാമസം. മയ്യഴിപ്പുഴയ്ക്കും ജന്മനാടിനും താൻ സമർപ്പിച്ച സ്നേഹോപഹാരമാണിതെന്ന് സബിത കിഷോർ പറഞ്ഞു.

 

വളരെ പുതിയ വളരെ പഴയ