കൊയിലാണ്ടി ഡീസൽ കടത്ത് ജിഎസ്ടി ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പോലീസ്

 


കോഴിക്കോട് കൊയിലാണ്ടിയിൽ നികുതി വെട്ടിച്ച് ഡീസൽ കടത്തിയ സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് പോലീസ് കണ്ടെത്തി. പരിശോധനയ്ക്കിടെ ജിഎസ്ടി ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ ഉൾപ്പെട്ട ചില ക്വട്ടേഷൻ സംഘാംഗങ്ങൾ നിലവിൽ പോലീസിന്റെ നിരീക്ഷണത്തിലാണ്.

മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് മറ്റ് ജില്ലകളിലേക്ക് ഡീസൽ കടത്തുന്നതിനിടയിലാണ് സംഘം കഴിഞ്ഞ ദിവസം ജിഎസ്ടി ഉദ്യോഗസ്ഥരുടെ മുന്നിൽപ്പെടുന്നത്. വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്താൻ നോക്കിയ ശേഷം അമിതവേഗതയിൽ പാഞ്ഞുപോയ ലോറി പിന്നീട് അപകടത്തിൽപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുക്കാൻ പോലീസിന് സാധിച്ചത്. വാഹനം തടഞ്ഞതിലുള്ള വൈരാഗ്യം മൂലം ഉദ്യോഗസ്ഥരെ വകവരുത്താനായിരുന്നു ലോറി ജീവനക്കാരുടെ ശ്രമം.

ആറായിരം ലിറ്റർ ഡീസലാണ് ലോറിയിൽ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ചത്. മാഹിയിൽ നിന്നും കടത്തുന്ന ഡീസൽ വടകര, കൊയിലാണ്ടി മേഖലകളിലെ ക്വാറികളിലും ബോട്ട് ജെട്ടികളിലും രഹസ്യമായി എത്തിച്ച് വിൽപന നടത്തുകയാണ് ഈ സംഘത്തിന്റെ രീതി. കേരളത്തെ അപേക്ഷിച്ച് മാഹിയിൽ ഡീസലിന് ലിറ്ററിന് പതിമൂന്ന് രൂപയോളം കുറവാണ്. ആറായിരം ലിറ്റർ ഡീസൽ കേരളത്തിൽ വിൽക്കുമ്പോൾ എഴുപത്തിയെട്ടായിരം രൂപയുടെ ലാഭമാണ് ലഭിക്കുന്നത്. മറ്റ് ചെലവുകൾ മാറ്റിവെച്ചാൽ പോലും ചുരുങ്ങിയത് അറുപതിനായിരം രൂപയോളം ലാഭം കിട്ടുമെന്നതിനാലാണ് ഈ മേഖലയിൽ ഇത്തരത്തിലുള്ള ഇന്ധനക്കടത്ത് വ്യാപകമാകുന്നത്.

ലോൺ മുടങ്ങിയതിനെ തുടർന്ന് സറണ്ടർ ചെയ്ത വാഹനം ലേലത്തിൽ കൈമാറിയിട്ടുണ്ടെങ്കിൽ പോലും മുൻ ഉടമ അത് അറിയേണ്ടതാണ്. എന്നാൽ ഈ കാര്യത്തിൽ വാഹനത്തിന്റെ മുൻ ഉടമ കൈമലർത്തുകയാണ്. ഈ സാഹചര്യത്തിൽ വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.





വളരെ പുതിയ വളരെ പഴയ