മാഹി :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാഹി എക്സൽ പബ്ലിക് സ്കൂളിലെ എൻ എസ് എസ് യൂണിറ്റും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി ബോധവത്കരണ ക്ലാസുകൾ, കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ചിത്രങ്ങളുടെ പ്രദർശനം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
തുടർന്ന് എൽ കെ ജി പ്രവേശനോത്സവത്തോടനുബന്ധിച്ച് ആദ്യമായി വിദ്യാലയത്തിലെത്തിയ മുഴുവൻ കുരുന്നുകൾക്കും സങ്കരയിനം പ്ലാവിൻതൈകൾ വിതരണം ചെയ്തു. ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണ സന്ദേശവും പകർന്നുനൽകുന്ന ഈ വ്യത്യസ്തമായ വരവേൽപ്പ് നവ്യാനുഭവമായി മാറി. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.
