ത്യാഗസ്മരണയിൽ വിശ്വാസികൾ; മാഹിയിലും പരിസര പ്രദേശങ്ങളിലും ബലിപെരുന്നാൾ ആഘോഷിച്ചു

 


മാഹി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ക്ഷമയുടെയും സന്ദേശം നെഞ്ചിലേറ്റി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. പ്രവാചകനായ ഇബ്രാഹിം നബി പുത്രൻ ഇസ്മായിലിനെ ദൈവകൽപ്പന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. അചഞ്ചലമായ വിശ്വാസത്തിന്റെ വലിയൊരു സന്ദേശമാണ് ഓരോ ബലിപെരുന്നാളും വിശ്വാസികൾക്ക് പകർന്നു നൽകുന്നത്.

രാവിലെ മുതൽ തന്നെ വിശ്വാസികൾ പുതുവസ്ത്രങ്ങൾ അണിഞ്ഞ് പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലേക്ക് എത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ നിലനിന്നിരുന്നതിനാൽ ഇത്തവണ തുറന്ന സ്ഥലങ്ങളിലെ ഈദ്ഗാഹുകൾ ഒഴിവാക്കിയിരുന്നു. പള്ളികളിൽ മാത്രമായാണ് പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടന്നത്.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി അൽ ഹിക്മ പള്ളിയിൽ റിയാസ് സ്വലാഹി തളിപ്പറമ്പും, അണ്ടിക്കമ്പനി ഐഡിയൽ മസ്ജിദിൽ എൻ എം ബഷീറും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. ഹാജിയാർ പള്ളിയിൽ ബഷീർ ബാഖവി, ചുങ്കം ടൗൺ രിഫായ് പള്ളിയിൽ ജമാലുദ്ദീൻ പാണ്ടിക്കാട്, അഞ്ചാംപീടിക പള്ളിയിൽ ഉസ്താദ് ഹംസ ഫൈസി, റെയിൽവേ സ്റ്റേഷൻ റഹ്മാനിയ്യ പള്ളിയിൽ നെഈമുദ്ദീൻ ഹുദവി എന്നിവരും നമസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.

കീരിത്തോട് ശാദുലി പള്ളിയിൽ മുബഷിർ ഫൈസി, ബഹറുന്നൂർ പള്ളിയിൽ ജംഷീദ് ഹുദവി, തഖ്വ പള്ളിയിൽ ഇബ്രാഹിം ദാരിമി, പൂഴിത്തല ഹിദായ ജുമാ മസ്ജിദിൽ സഅദ് സലമി ഫൈസി മേൽമുറി എന്നിവരും പെരുന്നാൾ ഖുതുബയ്ക്കും നമസ്കാരത്തിനും നേതൃത്വം നൽകി. നമസ്കാരത്തിന് ശേഷം പരസ്പരം പെരുന്നാൾ ആശംസകൾ കൈമാറിയും സ്നേഹം പങ്കുവെച്ചുമാണ് വിശ്വാസികൾ മടങ്ങിയത്.

 

വളരെ പുതിയ വളരെ പഴയ