കടുത്ത വേനൽ: മാഹിയിലെ സ്കൂളുകൾക്കും അവധി നൽകണം; അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി


മാഹി: കേരളത്തിൽ വർദ്ധിച്ചു വരുന്ന വേനൽച്ചൂട് കണക്കിലെടുത്ത് മാഹിയിലെ വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മാഹി റീജിണൽ ഗവൺമെന്റ് പേരെന്റ്സ് അസോസിയേഷൻ നിവേദനം നൽകി.

 വെള്ളിയാഴ്ച മാഹി ഗവൺമെന്റ് റീജിണൽ അഡ്മിനിസ്ട്രേറ്ററെ സന്ദർശിച്ചാണ് അസോസിയേഷൻ പ്രതിനിധികൾ ഈ ആവശ്യം ഉന്നയിച്ചത്.

ആരോഗ്യ പ്രശ്നങ്ങൾ: അസാധാരണമായ ചൂട് കുട്ടികളിൽ തലകറക്കം, ബോധക്ഷയം, നിർജ്ജലീകരണം തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾക്കും മാനസിക പ്രയാസങ്ങൾക്കും കാരണമാകുന്നു.

കേരളത്തിലെ സാഹചര്യം: കേരളത്തിൽ സിലബസ് വ്യത്യാസമില്ലാതെ എല്ലാ സ്കൂളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടും, സമാനമായ ഭൂമിശാസ്ത്ര സാഹചര്യമുള്ള മാഹിയിൽ ക്ലാസുകൾ തുടരുന്നത് അനൗചിത്യമാണെന്ന് നിവേദനത്തിൽ പറയുന്നു.

 മനുഷ്യാവകാശ ലംഘനം: കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, നിലവിലെ സാഹചര്യം മനുഷ്യാവകാശ പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടി. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസമാണ് ഇത്തവണത്തെ കടുത്ത ഉഷ്ണത്തിന് കാരണമെന്നും പ്രതിനിധികൾ ബോധിപ്പിച്ചു.

വിവരാവകാശ-സാമൂഹ്യ പ്രവർത്തകൻ മുനാസ് കണ്ടോത്ത്, അസോസിയേഷൻ പ്രസിഡന്റ് ഷോഗിത വിനീത്, ജനറൽ സെക്രട്ടറി ഷിബു കാളാണ്ടിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അഡ്മിനിസ്ട്രേറ്ററെ കണ്ടത്.

 നിവേദനത്തിന്റെ പകർപ്പുകൾ മാഹി ചീഫ് എജ്യുക്കേഷൻ ഓഫീസർക്കും പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടർക്കും കൈമാറി.




വളരെ പുതിയ വളരെ പഴയ