ചൊക്ലി: ചൊക്ലി കവിയൂർ വായനശാലയിൽ പത്രപാരായണത്തിന് എത്തുന്ന വായനക്കാർക്ക് പത്രം ലഭിക്കുന്നില്ലെന്ന് പരാതി. ഇന്ന് വായനശാലയിൽ എത്തേണ്ടിയിരുന്ന മാതൃഭൂമി, മലയാള മനോരമ, മാധ്യമം എന്നീ പ്രമുഖ ദിനപത്രങ്ങൾ വായനക്കാർക്ക് ലഭ്യമായില്ല. പത്രങ്ങളെവിടെ എന്ന് അന്വേഷിച്ച വായനക്കാർക്ക് ലഭിച്ച വിവരം സമീപത്തെ ചില വീട്ടുകാർ പത്രം വായിക്കാനായി സ്വന്തം വീടുകളിലേക്ക് കൊണ്ടുപോയി എന്നാണ്.
പൊതുജനങ്ങൾക്ക് ഇരുന്ന് വായിക്കാനായി വായനശാലയിൽ വരുത്തുന്ന പത്രങ്ങൾ ഇത്തരത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്നത് വായനശാലയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വായനക്കാർ ചൂണ്ടിക്കാട്ടുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും പത്രം വായിക്കാനായി എത്തുന്നവർ ഇതോടെ നിരാശരായി മടങ്ങേണ്ടി വരികയാണ്.
പത്രങ്ങൾ വായനശാലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് കർശനമായി വിലക്കണമെന്നും, വായനശാലയിൽ ഇരുന്ന് തന്നെ പത്രം വായിക്കാനുള്ള സാഹചര്യം ഉറപ്പാക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും വായനക്കാർ ആവശ്യപ്പെട്ടു.
