പള്ളൂർ: കടുത്ത വേനൽചൂടിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുകാർക്ക് ആശ്വാസവുമായി പള്ളൂർ പോലീസ് സ്റ്റേഷൻ. പള്ളൂർ സ്റ്റേഷൻ പരിധിയിലെ വിവിധ പോളിംഗ് ബൂത്തുകളിലും പാതയോരങ്ങളിലും ഡ്യൂട്ടി ചെയ്യുന്ന ലോക്കൽ പോലീസിനും കേന്ദ്ര സേനാംഗങ്ങൾക്കുമാണ് സംഭാരം വിതരണം ചെയ്തത്
തണുപ്പിച്ച സംഭാരത്തിന് പുറമെ കുപ്പിവെള്ളവും ബിസ്‌ക്കറ്റും ഉദ്യോഗസ്ഥർക്ക് എത്തിച്ചു നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മേഖലയിൽ സജീവമായ താത്ക്കാലിക ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥർക്കും പോലീസ് നേരത്തെ തന്നെ സംഭാരം നൽകി വരുന്നുണ്ട്.
പള്ളൂർ എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലാണ് ഈ മാതൃകാപരമായ പ്രവർത്തനം നടക്കുന്നത്. പോലീസുകാരായ ഒ.പി. രാഹുൽ, രാജേഷ് കുമാർ, എം. അഭിലാഷ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
തിരഞ്ഞെടുപ്പ് ജോലിയിലെ സമ്മർദ്ദവും ചൂടിന്റെ കാഠിന്യവും കുറയ്ക്കാൻ പോലീസിന്റെ ഈ ഇടപെടൽ ഏറെ സഹായിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.
